തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരേ നടി റോഷ്ന ആൻ റോയ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി ആര്യ രാജേന്ദ്രൻ. “ഞാൻ മാത്രമല്ല” എന്ന ഒറ്റവരിയാണ് ആര്യ ഫേസ്ബുക്കിൽ കുറിച്ചത്.
നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആര്യ പ്രതികരണം അറിയിച്ചത്. കെഎസ്ആർടിസി ഡ്രൈവർ യദുവുമായി ഉണ്ടായ തർക്കത്തിൽ ആര്യയ്ക്ക് നേരെ വലിയ സൈബർ ആക്രമണമാണ് നടക്കുന്നത്. ഇതിനിടെയാണ് നടി റോഷ്ന ആൻ റോയ് തനിക്കും സമാനമായ അനുഭവം ഉണ്ടായതായി വെളിപ്പെടുത്തി രംഗത്തെത്തിയത്.
മലപ്പുറത്ത് നിന്ന് എറണാകുളത്തേക്കുള്ള യാത്രയിൽ ഡ്രൈവർ യദുവിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് റോഷ്ന ഫേസ്ബുക്കിൽ കുറിച്ചു. യദു ഓടിച്ച കെഎസ്ആർടിസി റോഷ്നയും സഹോദരനും സഞ്ചരിച്ച കാറിന് പിന്നിൽ വന്ന് ഹോണടിച്ച് ബഹളം ഉണ്ടാക്കിയെന്നും ഇത് ചോദ്യം ചെയ്തപ്പോൾ യദു അസഭ്യം പറഞ്ഞെന്നുമാണ് നടിയുടെ ആരോപണം.
ഈ വിഷയം ഉടൻ തന്നെ എംവിഡിയെ അറിയിച്ചെന്നും എന്നാൽ എംവിഡി ഉദ്യോഗസ്ഥൻ അപ്പോൾ തന്നെ സംസാരിച്ച് പ്രശ്നം പരിഹരിച്ച് വിട്ടെന്നുമാണ് റോഷ്ന പറഞ്ഞു. മേയറോട് ഇങ്ങനെയാണ് സംസാരിക്കുന്നതെങ്കിൽ സാധാരണക്കാരിയായ തന്നോട് എത്ര മോശമായി ആയിരിക്കും അയാൾ പെരുമാറിയതെന്നും, റോഡിൽ റോക്കി ഭായ് കളിക്കുന്നത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്നും നടി വ്യക്തമാക്കി. ഫേസ്ബുക്കിൽ ദുരനുഭവം പങ്കുവച്ച റോഷ്ന കെഎസ്ആർടിസി ബസിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക