ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ 300 റണ്‍സ് പിറക്കുന്ന സമയം അതിവിദൂരമല്ലെന്ന് ആരാധക പക്ഷം. ഒരുകാലത്ത് 200 കടന്നാൽ ടീം ജയിച്ചെന്നു കരുതിയിരുന്നിടത്തുനിന്ന് കാര്യങ്ങൾ മാറിമറിഞ്ഞു.
200ഉം 250ഉം ഒന്നും സുരക്ഷിതമല്ലാത്ത ഐപിഎൽ കാലത്തിലൂടെയാണ് ഇപ്പോൾ നാം സഞ്ചരിക്കുന്നത്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരത്തിൽ രണ്ട് ടീമും 200+ സ്കോർ നേടുന്ന റിക്കാർഡ് 2024 സീസണിൽ തിരുത്തപ്പെടുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു.
2023 സീസണിൽ 12 മത്സരങ്ങളിൽ ഇരുടീമും 200+ സ്കോർ കടന്നതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. 2024 സീസണിൽ രാജസ്ഥാൻ റോയൽസും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിൽ നടന്ന മത്സരത്തോടെ ആ റിക്കാർഡിന് ഒപ്പം എത്തി.
ഇനി ഒരു തവണകൂടി ഇരുടീമും 200+ സ്കോർ നേടിയാൽ ചരിത്രത്താളിൽ 2024 സീസണ് ഇടംപിടിക്കും. വൈകാതെ അത് സംഭവിക്കുമെന്നുവേണം കരുതാൻ. കാരണം, ഈ സീസണിലെ 50-ാം മത്സരമായിരുന്നു സണ്‍റൈസേഴ്സും രാജസ്ഥാൻ റോയൽസും തമ്മിൽ ഹൈദരാബാദിൽ നടന്നത്. ഫൈനൽ അടക്കം 74 മത്സരങ്ങളാണ് 17-ാം സീസണിൽ ഉള്ളത്.
ഒരു റണ്‍ ജയം
200 കടന്നിട്ടും ഒരു റണ്ണിന് മാത്രം രണ്ട് ടീം ജയിച്ച ഐപിഎൽ ചരിത്രത്തിലെ ആദ്യ സീസണ് ആണിതെന്നതും ശ്രദ്ധേയം. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ 201/3 എന്ന സ്കോർ പിന്തുടർന്ന രാജസ്ഥാൻ റോയൽസ് 200/7ലാണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്, സീസണിലെ രണ്ടാം ഒരു റണ്‍ ജയം. ഏപ്രിൽ 21ന് കോൽക്കത്ത നൈറ്റ് റൈഡേഴ്സാണ് 17-ാം സീസണിലെ ആദ്യ ഒരു റണ്‍ ജയം നേടിയത്.
കോൽക്കത്ത 20 ഓവറിൽ 222/6 എന്ന സ്കോർ പടുത്തുയർത്തി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 221വരെ പിന്തുടർന്നെത്തി. ഐപിഎൽ ചരിത്രത്തിൽ ഇതുവരെ ആകെ ആറ് തവണ മാത്രമാണ് ഒരു റണ്‍ വ്യത്യാസത്തിൽ ടീമുകൾ ജയിക്കുന്നത് എന്നതും ശ്രദ്ധേയം.
എന്തുകൊണ്ട് 200+
2023 സീസണ് മുതലാണ് 200+ സ്കോർ ഐപിഎല്ലിൽ ഒരു സ്ഥിരം സംഭവമായത്. അതിനു മുന്‍പ് 2022ൽ 18 തവണ 200+ സ്കോർ പിറന്നതായിരുന്നു റിക്കാർഡ്. 2023 മുതലാണ് ഇംപാക്ട് പ്ലെയർ എന്ന പരിപാടി ഐപിഎല്ലിൽ ആവിഷ്കരിച്ചത്. ബാറ്റിംഗിൽ ഒരു ബാക്കപ്പ് പ്ലാൻ നടപ്പിലാക്കാൻ ഇതിലൂടെ ടീമുകൾക്ക് സാധിച്ചു. മാത്രമല്ല, റണ്‍സ് നേടുക എന്ന ഒറ്റ ഉദ്ദേശ്യവുമായാണ് യുവതാരങ്ങൾ അടക്കം ക്രീസിലെത്തുന്നത്.
ബൗളർമാർക്ക് പിന്തുണ ലഭിക്കാത്ത പിച്ചുകളും ചെറിയ ബൗണ്ടറികളുമാണ് ഈ റണ്ണൊഴുക്കിനു മറ്റൊരു കാരണം. ഈ സീസണിൽ പഞ്ചാബിലെ മുള്ളൻപുരിലെ പിച്ചിൽ തുടക്കത്തിൽ സ്വിംഗും ലക്നോവിലെ ഏകനാ സ്റ്റേഡിയത്തിൽ ടേണിംഗും ലഭിക്കുമെന്നതൊഴിച്ചാൽ മറ്റൊരു വേദിയിലും ബൗളർമാർക്ക് കാര്യമായ പിന്തുണ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.
31 പ്രാവശ്യം 200+; അതിൽ എട്ട് തവണ 250+
ഒരു സീസണിൽ ഏറ്റവും കൂടുതൽ 200+ സ്കോർ എന്ന റിക്കാർഡ് 2023നാണ്. 2023 സീസണ് ഐപിഎല്ലിൽ 37 തവണ 200+ സ്കോർ പിറന്നു. എന്നാൽ, 2024 സീസണിലെ 50 മത്സരങ്ങൾ പൂർത്തിയായപ്പോൾ 31 തവണ 200ൽ കൂടുതൽ റണ്‍സ് കണ്ടു. അതിൽത്തന്നെ എട്ട് തവണ 250ൽ കൂടുതൽ റണ്‍സ് സ്കോർ ബോർഡിൽ എത്തി എന്നതാണ് ശ്രദ്ധേയം.
2024 സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ പ്രാവശ്യം 200ൽ അധികം റണ്‍സ് നേടിയത് കോൽക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ്, അഞ്ച് വീതം.
ഐപിഎൽ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ 200+ സ്കോർ നേടിയ ടീം മുംബൈ ഇന്ത്യൻസാണ്, 2023ൽ ആറ് പ്രാവശ്യം. ഒരു സീസണിലെ ഏറ്റവും കൂടുതൽ സെഞ്ചുറി (12 എണ്ണം 2023ൽ) എന്ന റിക്കാർഡിനരികേയാണ് 2024 എന്നതും ശ്രദ്ധേയം, 11.