കോഴിക്കോട്: വടകര യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരേ രൂക്ഷ വിമർശനവുമായി എ. എ. റഹീം. ഷാഫി പറമ്പിലിനെ പൊളിറ്റിക്കൽ പോയ്സൻ എന്നാണ് റഹീം വിശേഷിപ്പിച്ചത്. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷമാണ് ഷാഫി എന്ന് റഹീം ആരോപിച്ചു. ഡിവൈഎഫ്ഐ ‘യൂത്ത് അലർട്ട് ‘പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് സോഫ്റ്റ് ഹിന്ദുത്വവും വടകരയിൽ മതന്യൂനപക്ഷ വർഗീയതയുമാണ് ഷാഫി പിന്തുടരുന്നത്. ഇങ്ങനെ രാഷ്ട്രീയ കുമ്പിടി ആവുകയാണ് ഷാഫിയെന്ന് റഹീം കുറ്റപ്പെടുത്തി. വടകര പലതവണ വർഗീയതയെ അതിജീവിച്ച മണ്ണാണ്. ഇതും അതിജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലീഗിനുമേൽ ചാരി നിൽക്കുന്ന തെരുവ് ചട്ടമ്പിയായി കോൺഗ്രസ് മെലിഞ്ഞു. ലീഗിന്റെ പെടലിക്ക് ചാരി നിന്ന് വീരസ്യം പറയുന്ന മെലിഞ്ഞ ഗുണ്ടയാണ് കോൺഗ്രസെന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലെ ലൈക്കിലൂടെ അതിനെ ജീവിപ്പിക്കാനാണ് രാഷ്ട്രീയ വിഷങ്ങളുടെ ശ്രമം. എന്നാൽ അതിന് കഴിയില്ല. തരം പോലെ നിങ്ങളെടുത്ത വർഗീയ നിലപാടുകളെ ഒരു ഘട്ടം കഴിഞ്ഞാൽ ജനം തള്ളുമെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനോടും ഷാഫി പറമ്പിലിനോടും പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.