ചാരുംമൂട്: കെപി റോഡിലൂടെ ഭീതിപരത്തി യാത്ര നടത്തിയ സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നൂറനാട് പോലീസിനു കൈമാറി. വാഹന ഉടമയ്ക്കും ഡ്രൈവർക്കുമെതിരേ മോട്ടോർ വാഹനനിയമ പ്രകാരമുള്ള നടപടി സ്വീകരിച്ചു.
പാലമേൽ ആദിക്കാട്ടുകുളങ്ങര എള്ളുവിള കിഴക്കേതിൽ ആഷിഖിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 24- എൻ. 8838 നമ്പർ വാഹനമാണ് വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്തത്. സ്ഥലവാസിയായ ഖാലിബായിരുന്നു വാഹനമോടിച്ചിരുന്നത്. സജാസ്, അത്തൂസ് ബിലാൽ, റയിഹാൻ, നജാത്, അഷ്കർ, നാസിം എന്നിവരായിരുന്നു യാത്രക്കാരായി ഉണ്ടായിരുന്നത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. കൂട്ടുകാരന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം കാറിന്റെ നാലു ഡോറിലൂടെയും പുറത്തേക്കു തള്ളിനിന്ന് അഭ്യാസം കാട്ടി ആഘോഷപൂർവമായിരുന്നു യാത്ര. അശ്രദ്ധമായി വാഹനമോടിച്ചു വന്നത് റോഡിലൂടെയുള്ള മറ്റ് യാത്രക്കാർക്ക് ഭീതിയുളവാക്കിയിരുന്നു.
മാധ്യമ വാർത്തയെത്തുടർന്ന് ആലപ്പുഴ ആർടിഒ എ.ആർ. ദിലു, മാവേലിക്കര ജോയിന്റ് ആർടിഒ എം.ജി. മനോജ് എന്നിവരുടെ നിർദ്ദേശപ്രകാരം ഇന്നലെ വൈകിട്ട് മാവേലിക്കരയിൽനിന്നും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെത്തി കാർ ഷെഡ്ഡിൽ ടാർപ്പാളിൻ ഇട്ട് മൂടിയിട്ടിരുന്ന വാഹനം കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറുകയായിരുന്നു.
ഞായറാഴ്ച താമരക്കുളം ഗുരുനാഥൻകുളങ്ങരയിൽ പ്രശ്നങ്ങളുണ്ടാക്കി രണ്ടു പേരെ മർദിച്ച വിവാഹ സംഘത്തോടൊപ്പം ചാരുംമൂട് ടൗൺ വരെ ഈ വാഹനവും ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.