തിരുവനന്തപുരം: അരളിപ്പൂവ് ക്ഷേത്രത്തിലെ പൂജ, നിവേദ്യം എന്നിവയ്ക്ക് ഉപയോഗിക്കുന്നത് തൽക്കാലം വിലക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്. അരളിപ്പൂവ് മരണകാരണമാകുമെന്ന് റിപ്പോർട്ട് ലഭിച്ചിട്ടില്ല. അങ്ങനെ കിട്ടുകയാണെങ്കിൽ ഉപയോഗം നിരോധിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻ നെടുമ്പാശേരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചത് അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ട് ചവച്ചതു മൂലമാണെന്നാണ് പ്രാഥമിക നിഗമനം.
അരളിയിൽ വിഷമുണ്ടെന്ന് വനഗവേഷണ കേന്ദ്രവും കണ്ടെത്തിയിരുന്നു. ഇവ എത്ര അളവിൽ ശരീരത്തിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക.
സംസ്ഥാനത്ത് ചില ക്ഷേത്രങ്ങളിൽ അരളി നേരത്തേ തന്നെ ഒഴിവാക്കിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ പണ്ട് മുതലേ അരളി പൂജയ്ക്കോ, മാല ചാർത്താനോ ഉപയോഗിക്കാറില്ലെന്നും ദേവസ്വം അധികൃതർ വ്യക്തമാക്കി.