തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും, കെഎസ്ആര്‍ടിസി ബസ് ഡ്രൈവർ യദുവും തമ്മിലുള്ള തർക്കം നടന്നുകൊണ്ടിരിക്കെ മേയര്‍ക്കും എംഎല്‍എ സച്ചിന് ദേവിനും എതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവര്‍ യദു നല്കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.
ഇരുവര്‍ക്കും എതിരേ കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.
അതേസമയം, ആര്യ രാജേന്ദ്രനും, സച്ചിൻദേവും ഉൾപ്പെടെ അഞ്ചു പേർക്കെതിരേ കോടതിയുടെ നിർദേശ പ്രകാരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നു. ഗതാഗതം തടസപ്പെടുത്തിയതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്.
പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിനെതിരേ ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ നൽകിയ ഹർജിയിൽ തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്.
കൂടാതെ, മേയറുമായി തര്‍ക്കം ഉണ്ടായ ദിവസം യദു ഫോണില്‍ സംസാരിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തിൽ കെഎസ്ആര്‍ടിസിക്ക് തിരുവനന്തപുരം സിറ്റി പോലീസ് ഇന്ന് റിപ്പോര്‍ട്ട് സമർപ്പിക്കും.