റിയാദ്: സൗദി പ്രൊ ലീഗിൽ അൽ നസർ എഫ്സിയുടെ പോർച്ചുഗൽ ഇതിഹാസ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സീസണിലെ നാലാം ഹാട്രിക്ക്. അഞ്ച്, 12, 52 മിനിറ്റുകളിലാണ് റൊണാൾഡോ സ്കോർ ചെയ്തത്. സിആർ7ന്റെ ഹാട്രിക് ബലത്തിൽ അൽ നസർ 6-0ന് അൽ വേഹ്ദ എഫ്സിയെ തകർത്തു.
റൊണാൾഡോയുടേത് പെർഫെക്റ്റ് ഹാട്രിക്കായിരുന്നു എന്നതാണ് ശ്രദ്ധേയം. ആദ്യം ഇടംകാലുകൊണ്ടും പിന്നീട് വലംകാലുകൊണ്ടും ഒടുവിൽ ഹെഡറിലൂടെയുമായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. ഇതോടെ 2023-24 സീസണിൽ റൊണാൾഡോയുടെ ഗോൾ നേട്ടം 45 ആയി. 2015-16ൽ റയൽ മാഡ്രിഡിനായി 51 ഗോൾ നേടിയതിനുശേഷം ഒരു സീസണിൽ റൊണാൾഡോയുടെ ഏറ്റവും മികച്ച ഗോൾവേട്ടയാണിത്.
സൗദി പ്രൊ ലീഗിൽ ഇതോടെ റൊണാൾഡോയ്ക്ക് 32 ഗോളായി. സീസണിൽ ടോപ് സ്കോറർ സ്ഥാനത്താണ് മുപ്പത്തൊന്പതുകാരനാsയ സിആർ7. സൗദി പ്രൊ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന റിക്കാർഡ് അബ്ദുറസാഖ് ഹംദല്ലയുടെ പേരിലാണ്, 2018-19 സീസണിൽ 34 ഗോൾ. ഈ റിക്കാർഡിലേക്ക് അടുക്കുകയാണ് റൊണാൾഡോ.
ക്ലബ്ബിനും രാജ്യത്തിനുമായി ഈ സീസണിൽ 52 മത്സരം കളിച്ച റൊണാൾഡോ 51 ഗോൾ നേടുകയും 14 അസിസ്റ്റ് നടത്തുകയും ചെയ്തു.