ഷിലോങ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാക്കളെ നാട്ടുകാർ പിടികൂടി തല്ലിക്കൊന്നു. മേഘാലയയിലെ നോങ്തിലേ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. രണ്ട് യുവാക്കളാണ് 17കാരിയായ പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. ആരുമില്ലാത്ത സമയം നോക്കി വീട്ടിൽ അതിക്രമിച്ച് കയറിയ യുവാക്കൾ പെൺകുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
നാട്ടുകാർ സംഭവസ്ഥലത്തേക്ക് പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തി. തുടർന്ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചവരെ പിടികൂടുകയും ചെയ്തു. പിന്നാലെ ഏകദേശം 1500 ഓളം ആളുകളാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിയത്. ഇവർ യുവാക്കളെ സമീപത്തെ കമ്യൂണിറ്റി ഹാളിലെത്തിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് പോലീസ് എത്തിയെങ്കിലും നാട്ടുകാർ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ സമ്മതിച്ചില്ല. ഗുരുതരമായി പരിക്കേറ്റ പ്രതികളെ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരിച്ച രണ്ട് യുവാക്കളും നോങ്തിലെ തെഴിലാളികളാണെന്ന് പോലീസ് സ്ഥിരീകരിച്ചു.