കൊടുമണ്‍: സ്വന്തം ജീവിതം സമൂഹത്തിന് മാതൃകയാകണമെന്ന ആഗ്രഹത്തിലാണ് സുവിഷ്ണയും ജിഷ്ണുവും അഗതി മന്ദിരത്തില്‍ തങ്ങളുടെ കതിര് മണ്ഡപം ഒരുക്കാന്‍ തീരുമാനിച്ചത്. കുറുമ്പകര അനില്‍ ഭവനില്‍ അനില്‍-കല ദമ്പതികളുടെ മകള്‍ സുവിഷ്ണയും വള്ളിക്കോട് മുകളുവിള ജ്യോതി ഭവനില്‍ സദാശിവന്-മിനി ദമ്പതികളുടെ മകന് ജിഷ്ണുവും തമ്മിലുള്ള വിവാഹം ഇന്നലെ കൊടുമണ്‍ കുളത്തിനാല്‍ മഹാത്മ ജീവകാരുണ്യ ഗ്രാമത്തിലെ മണ്ഡപത്തിലായിരുന്നു.
അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം നേതൃത്വം കൊടുക്കുന്ന കുളത്തിനാല്‍ മഹാത്മ ജീവകാരുണ്യ ഗ്രാമത്തിലെ ചെറിയ വേദിയില്‍ വിവാഹ മണ്ഡപമൊരുക്കി മഹാത്മയിലെ വയോജനങ്ങളായ അന്തേവാസികളെയും ബന്ധുമിത്രാദികളെയും മാതാപിതാക്കളെയും സാക്ഷിയാക്കി ജിഷ്ണു സുവിഷ്ണയെ താലി ചാര്‍ത്തി.
വിവാഹ സത്കാരം ബന്ധുമിത്രാദികള്‍ക്കും മഹാത്മയിലെ അന്തേവാസികള്‍ക്കും ഒപ്പമായിരുന്നു.മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് ഉറപ്പിച്ച വിവാഹം ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍, ജിഷ്ണുവിന്റെ അമ്മയുടെ അനാരോഗ്യം നിമിത്തം അത്ര ദൂരം സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.
അമ്മയുടെ അസാന്നിധ്യത്തില്‍ ഗുരുവായൂര്‍ വച്ചുള്ള വിവാഹതീരുമാനം വധൂവരന്മാര് ഒഴിവാക്കിയാണ് അഗതിമന്ദിരം വിവാഹവേദിയാക്കിയത്. ഇവരുടെ തീരുമാനം കുടുംബാംഗങ്ങള്‍ കൂടി അംഗീകരിച്ചതോടെ ആചാരമര്യാദകള്‍ പാലിച്ച് വിവാഹവേദിയൊരുക്കി.
വിവാഹ ശേഷം വധൂവരന്മാര് മഹാത്മയിലെ അന്തേവാസികള്ക്കൊപ്പമിരുന്നാണ് ആഹാരം കഴിച്ചത്. ആര്‍ഭാടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി അഗതികള്‍ക്ക് അന്നമൊരുക്കി നല്കി അവര്‍ സമൂഹത്തിന് മികച്ച മാതൃകയുമായി.