കായംകുളം: വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ വാഹനത്തിന്റെ ഡോറിലിരുന്ന് അഭ്യാസം കാണിച്ച ചെറുപ്പക്കാർക്ക് എട്ടിന്റെ പണികൊടുത്ത് ഗതാഗത വകുപ്പ്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെയാണ് ഗതാഗത വകുപ്പിന്റെ നടപടി. ഒരു മണിക്കൂറിനുള്ളിൽ തന്നെ വാഹനവും വാഹനമോടിച്ച നാല് ചെറുപ്പക്കാരെയും കസ്റ്റഡിയിലെടുത്തു.
പിടിയിലായ ചെറുപ്പക്കാരെകൊണ്ട് സന്നദ്ധ സേവനം നടത്താനാണ് ഇപ്പോൾ നിയോഗിച്ചിരിക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളജിൽ വാഹന അപകടങ്ങളിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവരുടെ വാർഡിൽ ഒരാഴ്ച പരിചരണം നടത്തുക എന്നതാണ് ഇവരുടെ ഡ്യൂട്ടി.
ഇന്ന് രാവിലെ മുതൽ നാലുപേരും വാർഡിൽ സജീവമാണ്. ഗതാഗത വകുപ്പ് ഒരാഴ്ചത്തേക്ക് ആണ് ഇവരെ ഇവിടെ പരിചരണത്തിനു വേണ്ടി നിർദ്ദേശിച്ചിരിക്കുന്നത്.
തങ്ങൾ ചെയ്ത തെറ്റ് മനസിലാക്കിയ ചെറുപ്പക്കാർ ഇനി ഇത്തരത്തിൽ വാഹനം ഓടിക്കില്ല എന്ന് ശപഥം ചെയ്തു. ഇവരുടെ വീഡിയോ പുറത്ത് വന്നതിനു പിന്നാലെ വാഹനം ഒളിപ്പിക്കുകയും യാത്ര ചെയ്തവർ മുങ്ങുകയും ചെയ്തിരുന്നു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ഗതാഗത വകുപ്പ് ഇവരെ പൂട്ടുകയായിരുന്നു. എല്ലാവരെയും കസ്റ്റഡിയിൽ എടുക്കുകയും അവരെ ആശുപത്രി ഡ്യൂട്ടിക്ക് ഉടൻ തന്നെ അയക്കുകയും ചെയ്തു.