ലക്നോ: ഉത്തർപ്രദേശിലെ അമേഠിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് ആക്രമണം നടന്നത്. ആയുധങ്ങളുമായെത്തിയ അക്രമിസംഘം ഓഫീസ് അടിച്ചുതർക്കുകയും ഓഫീസിനു സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു.
ആക്രമണം നടത്തിയത് ബിജെപി ഗുണ്ടകളെന്നു കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് സിംഗൽ പറഞ്ഞു. ആക്രമത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അനുനയിപ്പിച്ചു.
സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഉത്തരവാദികളായവർക്കെതിരേ നടപടിയെടുക്കുമെന്നും പോലീസ് ഉറപ്പു നൽകി. സംഭവസ്ഥലത്തു പോലീസിനെ വിന്യസിച്ചിട്ടുണ്ട്.