തിരുവനന്തപുരം: സിനിമ- സീരിയൽ- നാടകങ്ങളിലൂടെ ശ്രദ്ധ നേടിയ നടി കനകലത (63) അന്തരിച്ചു. മലയിൻകീഴ് പൊറ്റയിൽ പുളിയറക്കട ‘കനകം’ വീട്ടിൽ ഇന്നലെ രാത്രി 9.15 ഓടെയായിരുന്നു അന്ത്യം. സംസ്കാരം ബന്ധുക്കൾ എത്തിച്ചേർന്നതിനുശേഷം ഇന്ന് നടക്കും.
പാർക്കിൻസണ് രോഗവും ഡിമെൻഷ്യയും ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതോടെ മൂത്ത സഹോദരി വിജയമ്മയും കുടുംബവും തിരുവനന്തപുരത്ത് കനകലതയ്ക്കൊപ്പമായിരുന്നു താമസം.
കൊല്ലം ജില്ലയിലെ ഓച്ചിറയിൽ പരമേശ്വരൻ പിള്ളയുടെയും ചിന്നമ്മയുടെയും മകളായി 1960 ഓഗസ്റ്റ് 24നാണ് കനകലത ജനിച്ചത്. ചെറുപ്പത്തിൽത്തന്നെ കലാരംഗത്ത് സജീവമായിരുന്ന കനകലത അമച്വർ നാടകങ്ങളിലൂടെ അഭിനയ രംഗത്തെത്തി. പിന്നീട് പ്രഫഷണൽ നാടകങ്ങളുടെ ഭാഗമായി. ‘ഉണർത്തുപാട്ട്’ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്.
അത് റിലീസായില്ല. പിന്നീട് അഭിനയിച്ചത് ‘ചില്ല് ’ എന്ന സിനിമയിലാണ്. 360 ൽ അധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ തിളങ്ങി. മൂന്നരപ്പതിറ്റാണ്ടിലേറെ അഭിനയ രംഗത്ത് സജീവമായിരുന്ന കനകലത 350 ഓളം സിനിമകളിൽ അഭിനയിച്ചു.
കഴിഞ്ഞ വർഷം ഇറങ്ങിയ പൂക്കാലം എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. കരിയിലക്കാറ്റ് പോലെ, രാജാവിന്റെ മകൻ, ജാഗ്രത, കിരീടം, വർണപകിട്ട്, എന്റെ സൂര്യപുത്രിയ്ക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കണ്മണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, മാട്ടുപ്പെട്ടി മച്ചാൻ, പ്രിയം എന്നീ സിനിമകളിലെ വേഷങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.