തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയാണ് അന്ത്യം സംഭവിച്ചത്. അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്നു രാവിലെ 11.30 മുതല്‍ തൈക്കാട് ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 2.30ന് ശാന്തികവാടത്തില്‍ സംസ്കാരം. ഭാര്യ: പരേതയായ ചന്ദ്രിക. മക്കള്‍: അമ്മു, ഗീതാഞ്ജലി.
എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങിയ സുകൃതം അടക്കം ശ്രദ്ധേയങ്ങളായ സിനിമകള്‍ സംവിധാനം ചെയ്ത ഹരികുമാര്‍ കെ.ആര്.നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ചെയര്‍മാനായും രണ്ടുതവണ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ പുരസ്കാരങ്ങളടക്കം 42 ചലച്ചിത്ര അവാര്‍ഡുകളാണ് സുകൃതം സ്വന്തമാക്കിയത്.
തിരുവനന്തപുരം പാലോടിനു സമീപമുള്ള കാഞ്ചിനടയില്‍ രാമകൃഷ്ണപിള്ള- അമ്മുക്കുട്ടിയമ്മ ദമ്പതികളുടെ മകനായി ജനനം. ഭരതന്നൂര്‍ സ്കൂളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് തിരുവനന്തപുരത്ത് സിവില്‍ എന്‍ജിനീയറിംഗ് പഠനം.
പെരുമ്പടവം ശ്രീധരന്റെ തിരക്കഥയില്‍ 1981ല്‍ പുറത്തിറങ്ങിയ ആമ്പല്‍പൂവാണ് ഹരികുമാറിന്റെ ആദ്യചിത്രം. എം. മുകുന്ദന്റെ രചനയില്‍ സുരാജ് വെഞ്ഞാറമൂടും ആന്‍ അഗസ്റ്റിനും അഭിനയിച്ച് 2022ല്‍ പുറത്തിറങ്ങി ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാന ചിത്രം.