കോഴിക്കോട്: വടകരയിൽ സിപിഎം ജാഥയെ വിമർശിച്ച യാത്രക്കാരനു മർദനം. വടകരയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സിപിഎം ഇന്നലെ നടത്തിയ പൊതുയോഗത്തിന്റെ ഭാഗമായുള്ള പ്രകടനത്തെ വിമർശിച്ച് യുവാവ് ഫേസ്ബുക്ക് ലൈവ് ഇടാൻ ശ്രമിക്കുന്പോഴായിരുന്നു പ്രവർത്തകർ യുവാവിനെ ക്രൂരമായി മർദിച്ചത്.
ജാഥ മാർഗ തടസം സൃഷ്ടിക്കുന്നുവെന്നായിരുന്നു യുവാവിന്റെ ആരോപണം. ഇതിനിടെയാണ് ഒരു സംഘം പ്രവർത്തകർ യുവാവിനെ കൈയേറ്റം ചെയ്തത്.
പോലീസ് നോക്കി നിൽക്കെ പ്രവർത്തകർ ഇയാളെ മർദിച്ചു. തുടർന്ന് പോലീസ് ഇടപെട്ട് യുവാവിനു ചികിത്സ നൽകി സ്റ്റേഷനിൽ എത്തിച്ചു. പരാതി നൽകാൻ താത്പര്യമില്ലെന്ന് യുവാവ് അറിയിച്ചതായി വടകര പോലീസ് അറിയിച്ചു. തുടർന്ന് ഇയാൾ വീട്ടിലേക്കു മടങ്ങിയെന്നാണ് പോലീസ് വിശദീകരണം.