ദക്ഷിണേന്ത്യയില്‍ ഏറ്റവും താരമൂല്യമുള്ള നായിക ആരാണെന്ന് ചോദിച്ചാല്‍ ഉത്തരം പറയുക ബുദ്ധിമുട്ടായിരിക്കും. തമിഴിലാണെങ്കില്‍ നയന്‍താര എന്നുതന്നെ പറയാം. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയും നയൻസാണ്. നേരത്തെ പ്രതിഫല കാര്യത്തില്‍ ഒന്നാം നമ്പര്‍ തൃഷയായിരുന്നു.
എന്നാല്‍ നയന്‍താരയുടെ മുന്നേറ്റത്തില്‍ തൃഷയ്ക്കു കാലിടറി പോവുകയായിരുന്നു. എന്നാലിപ്പോൾ തമിഴ്-തെലുങ്ക് ചിത്രങ്ങളിലൂടെ തൃഷ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.
ലിയോ എന്ന വമ്പന്‍ ഹിറ്റിലൂടെ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള വിജയമാണ് തൃഷ നേടിയത്. അജിത്തിനൊപ്പം വിഡാമുയിര്ച്ചി അടക്കം തൃഷയുടേതായി വരാനുണ്ട്.
രണ്ടാം വരവില്‍ തൃഷ പ്രതിഫലം കുത്തനെ ഉയര്‍ത്തിയെന്നാണു ചില റിപ്പോർട്ടുകളിൽ പറയുന്നത്. മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്വന് രണ്ട് ഭാഗങ്ങൾ, വരാനിരിക്കുന്ന തഗ് ലൈഫ് പോലുള്ള വമ്പന്‍ ചിത്രങ്ങളും തൃഷയ്ക്കുണ്ട്.
തുടരെ വിജയ ചിത്രങ്ങള്‍ ലഭിച്ചതിലൂടെ ദക്ഷിണേന്ത്യന്‍ സിനിമകളിലെ പ്രതിഫലം തൃഷ ഉയര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നയന്‍താര നിലവില്‍ പത്തു കോടിക്കു മുകളില്‍ വാങ്ങുന്നതായി പ്രമുഖ നിര്‍മാതാക്കള്‍ സ്ഥിരീകരിച്ചിരുന്നു. ജവാന് ആയിരം കോടിയില്‍ അധികം ബോക്സോഫീസില്‍ നേടിയത് നയന്‍താരയുടെ മൂല്യം ഉയര്‍ത്തിയിരുന്നു.
നിരവധി ചിത്രങ്ങള്‍ തെലുങ്കിലും നടിയെ തേടി വരുന്നുണ്ട്. ചിരഞ്ജീവിയുടെ പുതിയ ചിത്രത്തിലും തൃഷ നായികയാവുമെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ നയന്‍താരയെയും സാമന്തയെയും വെല്ലുവിളിക്കുന്ന തരത്തിലേക്ക് അവരുടെ പ്രതിഫലം ഉയര്‍ന്നിരിക്കുകയാണ്.
ഈ ചിത്രങ്ങളെല്ലാം വന്‍ വിജയങ്ങളായാല് താര സിംഹാസനം ഇനി തൃഷയുടേതായി മാറും. സാമന്ത ഇപ്പോള്‍ എട്ടു കോടി വരെയാണ് പ്രതിഫലം വാങ്ങുന്നത്. ഹിന്ദിയില്‍ പത്തു കോടിയാണ് നടിയുടെ പ്രതിഫലം.
എന്നാല്‍ ഇവരെ എല്ലാം തൃഷ മറികടന്നുവെന്നാണ് തമിഴ് സിനിമയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. മണിരത്നത്തിന്റെ കമല്ഹാസന് നായകനാവുന്ന തഗ് ലൈഫില്‍ തൃഷയാണ് നായിക. പന്ത്രണ്ട് കോടി രൂപയാണ് നടി പ്രതിഫലമായി വാങ്ങുന്നത്.
ഇതോടെ ദക്ഷിണേന്ത്യയില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി താരം മാറി. നയന്‍സിനു ശേഷം പത്തു കോടി പ്രതിഫലം വാങ്ങുന്ന ആദ്യ ദക്ഷിണേന്ത്യന്‍ നടിയായും അവര്‍ മാറി.
സൗത്ത് ക്വീന്‍ എന്നൊരു പേര് തൃഷയ്ക്കു നേരത്തെയുണ്ട്. അതു തിരിച്ചുപിടിക്കാനാണ് അവരുടെ വരവ്. മലയാളത്തില്‍ ടൊവിനോയ്ക്കൊപ്പം ഐഡന്റിറ്റി, മോഹന്‍ലാലിനൊപ്പം റാം എന്നിവ വരാനിരിക്കുന്ന തൃഷയുടെ ചിത്രങ്ങളാണ്.