ബംഗളൂരു: വംശനാശഭീഷണി നേരിടുന്ന നക്ഷത്ര ആമകളെ കടത്താനുള്ള ശ്രമം തടഞ്ഞ് ബസ് കണ്ടക്ടർ. ആനന്ദ് റാവു സർക്കിളിൽ ഇന്നലെയാണു സംഭവം.
ആമകളെ ബാഗിലാക്കി സ്വകാര്യ ബസിൽ കടത്താൻ ശ്രമിക്കുകയായിരുന്നു. ബാഗിനുള്ളിൽ അനക്കം കണ്ടത് കണ്ടക്ടർ ചോദ്യം ചെയ്തതോടെ യാത്രക്കാരൻ ബാഗുമായി ബസിൽനിന്നിറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെയെത്തിയ കണ്ടക്ടറും നാട്ടുകാരും ചേർന്നാണ് ഇയാളെ പിടികൂടിയത്. ബാഗിൽ 218 ആമകളുണ്ടായിരുന്നു.
വിവിധ ഏഷ്യൽ രാജ്യങ്ങളിൽ വിൽപ്പനയ്ക്കായി ചെന്നൈയിലേക്കു കടത്താൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. ഒരു ഇന്ത്യൻ നക്ഷത്ര ആമയ്ക്ക് വിപണിയിൽ 10,000ലേറെ രൂപ വിലവരും. ഉയർന്ന തോതിലുള്ള കള്ളക്കടത്ത്, മോശം ആവാസവ്യവസ്ഥ എന്നിവ കാരണം ഇന്ത്യൻ നക്ഷത്ര ആമകളുടെ എണ്ണം കുറഞ്ഞുവരികയാണ്.
കർണാടകയിലെ ഗ്രാമീണ മേഖലകളിൽ നക്ഷത്ര ആമ വേട്ട പതിവാണ്.ആമകളെ പിന്നീട് വനത്തിൽ തുറന്നുവിടുമെന്നു വനംവകുപ്പ് അറിയിച്ചു.