തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വ്യാപകമായി സർവീസ് മുടക്കിയതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിൽ. കണ്ണൂരിൽ നിന്നും ഷാർജ, മസ്കറ്റ്, അബുദാബി സർവീസുകളാണ് റദ്ദാക്കിയത്.
നെടുമ്പാശേരിയിൽ നിന്നും പുലർച്ചെ 2.50ന് പുറപ്പടേണ്ട ഷാർജ വിമാനവും രാവിലെ 8.50ന് പുറപ്പടേണ്ട മസ്കത്ത് വിമാനവും റദ്ദാക്കി. കരിപ്പൂരില്‍ നിന്നും റാല്‍ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹറിന്‍, കുവൈറ്റ് വിമാനങ്ങള്‍ റദ്ദാക്കി. തിരുവനന്തപുരത്ത് നിന്നും മസ്കത്ത്, ദുബായ്, അബുദാബി വിമാനങ്ങള്‍ റദ്ദാക്കി.
ഇതേതുടർന്ന് നൂറു കണക്കിന് ആളുകളാണ് ദുരിതം അനുഭവിക്കുന്നത്. അധികൃതർ സർവീസ് റദ്ദാക്കാനുള്ള കൃത്യമായ കാരണം നൽകുകയോ വിദേശ യാത്രയ്ക്കായി പകരം സംവിധാനം ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല. ജീവനക്കാരുടെ പണിമുടക്കെന്നാണ് എയർഇന്ത്യ എക്സ്പ്രസിന്റെ അനൗദ്യോഗിക വിശദീകരണം.
യാത്രക്കാർ പ്രതിഷേധിച്ചതിനെ തുടർന്ന് മറ്റേതെങ്കിലും ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നൽകുകയോ പണം മടക്കി നൽകുകയോ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.