തൊടുപുഴ: ഇരവികുളം ദേശീയോദ്യാനത്തിൽ 827 വരയാടുകളെ കണ്ടെത്തി. ഇത്തവണ നടത്തിയ കണക്കെടുപ്പിൽ 144 വരയാടിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു.
മൂന്നാർ വന്യജീവി ഡിവിഷന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന കണക്കെടുപ്പിന്റെ ഭാഗമായാണ് ഏപ്രിൽ 29 മുതൽ മേയ് രണ്ടുവരെ കണക്കെടുപ്പ് നടന്നത്.
ഇരവികുളം ദേശീയോദ്യാനം, ചിന്നാർ വന്യജീവി സങ്കേതം, ഷോല നാഷണൽ പാർക്ക് എന്നീ ഫോറസ്റ്റ് റേഞ്ചുകളിലാണ് വരയാടുകളുടെ കണക്കെടുപ്പ് നടത്തിയത്. കഴിഞ്ഞ വർഷം നടത്തിയ കണക്കെടുപ്പിൽ ഇരവികുളം ദേശീയോദ്യാനത്തിൽ 128 കുഞ്ഞുങ്ങളടക്കം 803 വരയാടുകളെ കണ്ടെത്തിയിരുന്നു. മുൻവർഷങ്ങളിലെ കണക്കനുസരിച്ച് വരയാടുകളുടെ എണ്ണം ഇവിടെ കൂടിവരുന്നതായാണ് വ്യക്തമാകുന്നത്.
തമിഴ്നാട് വനംവകുപ്പുമായി യോജിച്ച് ഏകീകൃത രീതിയിലാണ് ഇത്തവണ കണക്കെടുപ്പ് നടത്തിയത്. തമിഴ്നാട് ഭാഗത്തുള്ള കണക്കെടുപ്പിന്റെ വിവരങ്ങൾ ലഭ്യമായിട്ടില്ല. 33 ബ്ലോക്കുകളായി തിരിച്ചായിരുന്നു കണക്കെടുപ്പ്. ഓരോ ബ്ലോക്കിലും പ്രത്യേക പരിശീലനം നേടിയ മൂന്നുപേരടങ്ങുന്ന സംഘത്തെയാണ് കണക്കെടുപ്പിനു നിയോഗിച്ചിരുന്നത്.