നിർമിത ബുദ്ധി ഉപയോഗപ്പെടുത്തി പുതുതലമുറയ്ക്കു വെളിച്ചമേകാൻ അധ്യാപക പരിശീലനം തുടങ്ങി. കാലത്തിന്റെ മാറ്റത്തിനനുസൃതമായി അധ്യാപക സമൂഹത്തെയും സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവധിക്കാല അധ്യാപക പരിശീലന പരിപാടിയിൽ ഇക്കുറി എഐ (നിർമിത ബുദ്ധി) പരിശീലനം കടന്നുകൂടിയത്.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി അധ്യാപകർക്കായാണ് ആദ്യഘട്ട എഐ പരിശീലനം. ജില്ലയിലെ മൂന്ന് സ്കൂളുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശീലനം. 3077 അധ്യാപകർക്കു പരിശീലനം നൽകാനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.
ഓഗസ്റ്റിനു മുന്പ് എല്ലാ അധ്യാപകരും ഇതിന്റെ ഭാഗമാകും. സ്കൂളുകളിലെ ഐടി കോ ഓർഡിനേറ്റർമാർ, കൈറ്റ്സ് മാസ്റ്റർമാർ എന്നിവർക്കാണ് ആദ്യഘട്ട പരിശീലനം നൽകിയത്. ആറുഭാഗങ്ങളായി തിരിച്ചാണ് പരിശീലനം.
അധ്യാപനം മുതൽ മൂല്യനിർണയം വരെ ഈ ഭാഗങ്ങളിലുൾപ്പെടും. എഐ ഉയർത്താവുന്ന വെല്ലുവിളികളും അപകടങ്ങളും വിശകലനം ചെയ്തുകൊണ്ടാണ് പരിശീലന ഭാഗങ്ങൾ തയാറാക്കിയിരിക്കുന്നത്.
വീഡിയോ മുഖേന അധ്യാപനം
പാഠഭാഗങ്ങളെ വിശദവും രസകരവുമാക്കി അവതരിപ്പിക്കാനും വീഡിയോകൾ നിർമിക്കാനും അധ്യാപകരെ പ്രാപ്തരാക്കുകയെന്നത് കൈറ്റിന്റെ ആദ്യഘട്ട പരിശീലനത്തിൽ ഉൾപ്പെടുന്നു. എഐയിൽ ഉപയോഗിക്കേണ്ട ടൂളുകൾ കൃത്യമായി മനസിലാക്കിയാൽ വീഡിയോ നിർമാണവും പ്രസന്റേഷൻ ഡോക്കുമെന്റുകളുടെ നിർമാണവും എളുപ്പമാണെന്ന് അധ്യാപകരെ ബോധ്യപ്പെടുത്താനായെന്ന് കൈറ്റ് അധികൃതർ പറഞ്ഞു.
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ തയാറാക്കാനും എഡിറ്റ് ചെയ്യാനും അവയെ കാർട്ടൂണുകൾ, പെയിന്റിംഗ്സ് എന്നിങ്ങനെ മാറ്റാനും ചിത്രങ്ങളോടൊപ്പം ഉള്ളടക്കം കൂട്ടിച്ചേർക്കാനും കഴിയുന്ന ഇമേജ് ജനറേഷനാണ് രണ്ടാംഭാഗം. എഐ ടൂളുകൾ ഉപയോഗിക്കുന്പോൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട നിർദേശങ്ങൾ നൽകാൻ പ്രാപ്തരായ പ്രോംപ്റ്റ് എൻജിനിയറിംഗാണ് പരിശീലനത്തിന്റെ മൂന്നാംഭാഗം.
സ്വയം പരിശീലനവും ആകാം
നിർമിത ബുദ്ധിയുടെ ഉപയോക്താക്കൾ മാത്രമാകാതെ അവ പ്രോഗ്രാമിലൂടെ എങ്ങനെ തയാറാക്കുന്നുവെന്ന് സ്വയം പരിശീലിക്കാൻ അവസരം നൽകുന്ന മെഷീൻ ലേണിംഗ് നാലാംഭാഗത്തെ പരിശീലനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. എഐ ഉപയോഗിച്ച് പ്രസന്റേഷനുകൾ, അനിമേഷനുകൾ തുടങ്ങിയവ തയാറാക്കാനും ലിസ്റ്റുകൾ, പട്ടികകൾ, ഗ്രാഫുകൾ, ചാർട്ടുകൾ തുടങ്ങിയവ നമ്മുടെ ആവശ്യത്തിനനുസരിച്ച് നിർമിക്കാനും അഞ്ചാംഭാഗ പരിശീലനമായുണ്ട്.
ആറാം ഭാഗത്തിലെ മൂല്യനിർണപരിശീലനത്തിൽ എഐ സങ്കേതങ്ങൾ ഉപയോഗിക്കുന്നതു സംബന്ധിച്ചാണ്. യൂണിറ്റ് ടെസ്റ്റുകൾ മുതലുള്ള പരീക്ഷകളിൽ ചോദ്യമാതൃകകൾ തയാറാക്കാൻ ഇതിലൂടെ കഴിയും.
നിർമിത ബുദ്ധിയുടെ അപകടങ്ങൾ തിരിച്ചറിയാനും ഉത്തരവാദിത്വത്തോടെ ഉപയോഗം മനസിലാക്കാനും അധ്യാപകർക്ക് അവസരം നൽകണമെന്ന തരത്തിലാണ് പരിശീലനം ആവിഷ്കരിച്ചിരിക്കുന്നതെന്ന് കൈറ്റ് അധികൃതർ പറഞ്ഞു.