വന്യജീവി സംഘർഷം തുടർക്കഥയായ കോന്നിയിൽ വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിക്കും. വാഹനങ്ങൾ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെയായിരിക്കും കോന്നിയിൽ പുതിയ ആർആർടി രൂപീകരിക്കുന്നത്. ഇതിനായുള്ള വനം വകുപ്പിന്റെ ശിപാർശ സർക്കാർ അംഗീകരിച്ചു. ഇതോടെ അടിയന്തരമായി ടീം രൂപീകരിക്കാനുള്ള നടപടികളുമായാണ് വനം വകുപ്പ് മുന്നോട്ടു പോകുന്നത്.
നിലവിൽ ജില്ലയിലെ റാന്നി ഫോറസ്റ്റ് ഡിവിഷനിലാണ് റാപ്പിഡ് റെസ്പോൺസ് ടീം പ്രവർത്തിക്കുന്നത്. കോന്നിയിൽ അടിയന്തര സാഹചര്യങ്ങളിൽ റാന്നി ടീമിന്റെ സഹായമാണ് തേടിക്കൊണ്ടിരുന്നത്. ആർആർടി നിലവിൽ വരുന്നതോടെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ തസ്തിക ഡെപ്യൂട്ടി റേഞ്ച് ഓഫീസർ തസ്തികയായും ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികകൾ ഫോറസ്റ്റ് ഓഫീസർ ഗ്രേഡിലേക്കും മാറ്റപ്പെടും.
331.66 ചതുരശ്ര കിലോമീറ്റർ
കേരളത്തിലെ ആദ്യത്തെ സംരക്ഷിത വനമേഖലയാണ് കോന്നി. 331.66 ചതുരശ്ര കിലോമീറ്ററുകളിലായാണ് കോന്നി വനമേഖല വ്യാപിച്ചു കിടക്കുന്നത്. കോന്നി, നടുവത്തുംമൂഴി, മണ്ണാറപ്പാറ റേഞ്ചുകളിലായി എട്ട് ഫോറസ്റ്റ് സ്റ്റേഷനുകളാണുള്ളത്.
റാന്നി വനം ഡിവിഷനും കൊല്ലം ജില്ലയിലെ അച്ചൻകോവിൽ വനം ഡിവിഷനുമാണ് അതിർത്തികൾ. വനൃമൃഗങ്ങൾ കാടുവിട്ട് നാട്ടിൽ ഇറങ്ങുന്നതോടെ ജനങ്ങൾ ഏറെ ഭീതിയിലാണ്. ഇവയുടെ ആക്രമണത്തിൽ നിരവധി മനുഷ്യ ജീവനുകളും പൊലിഞ്ഞിട്ടുണ്ട്. ആനയും കടുവയും പുലിയും പന്നിയുമൊക്കെ രാപകൽ വ്യത്യാസമില്ലാതെ ജനങ്ങളുടെ ജീവനും സ്വത്തിനും പേടിസ്വപ്നമായി മാറിയിട്ട് നാളുകൾ ഏറെയായി. എന്നാൽ, ഇവയെ തുരത്താൻ ഇതേവരെയും ശാസ്ത്രീയ സംവിധാനങ്ങൾ കണ്ടെത്തിയിട്ടില്ല.
യഥാസമയം വനപാലകർ സ്ഥലത്ത് എത്താത്തതും പലപ്പോഴും വ്യാപക പരാതികൾക്കും വാക്കേറ്റങ്ങൾക്കും കാരണമാകാറുമുണ്ട്. ആർആർടി നിലവിൽ വരുന്നതോടെ നിലവിലെ വന്യമൃഗ സാന്നിധ്യവുമായി ബന്ധപ്പെട്ടു വേഗത്തിൽ ഇടപെടലുകൾ ഉണ്ടാകുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.
ജീവനെടുക്കുന്ന വന്യത
വനൃജീവി ആക്രമണത്തിൽ കോന്നിയിൽ എട്ട് വർഷത്തിനിടെ 20 ജീവനുകളാണ് പൊലിഞ്ഞത്. നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വർഷങ്ങളായി ചികിത്സയിൽ കഴിയുന്നവരുമുണ്ട്.
സമീപകാലത്തായി വനൃമൃഗങ്ങളുടെ ശല്യം വർധിച്ചിരിക്കുകയാണ്. കടുവ, പുലി, കാട്ടാന, കാട്ടുപന്നി, മ്ലാവ്, പാമ്പ് എന്നിവയുടെ ആക്രമണങ്ങളിലാണ് മരണങ്ങൾ ഏറെയും. ആറ് വർഷം മുമ്പ് കാട്ടിൽ പൊന്നാമ്പു ശേഖരിക്കാൻ പോയ രവി എന്ന വന സംരക്ഷണ സമിതി പ്രവർത്തകൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ടാപ്പിംഗ് തൊഴിലാളിയായ ബിനീഷ് മാത്യുവിനെ കടുവ മൂന്ന് വർഷം മുമ്പ് കൊന്നു.
അടുത്ത സമയങ്ങളിൽ വീണ്ടും കടുവയുടെ സാന്നിധ്യം നാട്ടിൽ ഉണ്ടായിട്ടുണ്ട്. നാട്ടിൽ ഇറങ്ങിയ കടുവയെ ജനവാസ മേഖലയിൽ ചത്ത നിലയിൽ കണ്ടെത്തിയത് മാസങ്ങൾക്ക് മുമ്പാണ്. കാട്ടാനയുടെ ആക്രമണത്തിൽ കല്ലാറിന്റെ കഴിഞ്ഞ മാർച്ചിൽ തേക്കുതോട് പുളിഞ്ചാണിൽ ദിലീപ് കൊല്ലപ്പെട്ടു.
എട്ട് വർഷത്തിനിടെ വിഷപ്പാമ്പുകളുടെ കടിയേറ്റ് 14 പേർ മരിച്ചു. കാട്ടുപന്നിയുടെയും കാട്ടുപൂച്ചയുടെയും കടന്നലിന്റെയും ആക്രമണങ്ങളിൽ ജീവനുകൾ നഷ്ടമായിട്ടുണ്ട്. ഇവയുടെ ആക്രമണങ്ങളിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായവരും നിരവധിയാണ്.