കോട്ടയം: കൊടുംചൂടില്‍ നാട്ടാനകളെ പോറ്റാന്‍ ഇക്കാലത്ത് ഉടമകള്‍ക്കും പാപ്പാനും ചില്ലറ കഷ്ടപ്പാടൊന്നുമല്ല. ദിവസം നാനൂറു ലിറ്റര്‍ മുതല്‍ അഞ്ഞൂറു ലിറ്റര്‍ വരെ തണുത്ത വെള്ളം കുടിക്കാന്‍ കൊടുക്കണം.
വയറുനിറയെ വെള്ളം കുടിപ്പിച്ചാലൊന്നും ആനച്ചൂടിന് ശമനമാകില്ല. പുഴയിലെ കയങ്ങളില്‍ ഒരു മണിക്കൂര്‍ മുങ്ങിക്കിടന്നാല്‍ അല്പം കുളിരു കിട്ടും. അതിനു സൗകര്യമില്ലാത്തവര്‍ മൂന്നുനാലു നേരം ഹോസിലൂടെ വെള്ളമൊഴിച്ച് ഗജകേസരികളെ തണുപ്പിക്കുകയാണ്.
ആനക്കൂടിനു പുറത്ത് തണല്‍മരങ്ങളുടെ ചുവട്ടിലാണ് തളയ്ക്കുക. വീപ്പകളില്‍ കുടിവെള്ളം അടുത്തുണ്ടാകും. ദിവസം മൂവായിരം ലിറ്ററോളം വെള്ളം ഗജരാജനായി കരുതുകയാണ് ഉടമകള്‍.
പൂരങ്ങളും ഉത്സവങ്ങളും കൊടിയിറങ്ങിയതോടെ ഏറെ ആനകളും വിശ്രമത്തിലാണ്. പനമ്പട്ടയും പുല്ലും മാത്രം പോരാ ചൂടിന് ശമനമായി തണ്ണിമത്തനും വെള്ളരിക്കയും നിര്‍ബന്ധം.
ദഹനക്കേട് വരാതിരിക്കാന്‍ പഴവും ശര്‍ക്കരയും മരുന്നുകൂട്ടുകളും ചേര്‍ത്ത് അഞ്ചു കിലോ അരിയുടെ കഞ്ഞിയും കൊടുത്താല്‍ കുശാല്‍.
ഉഷശ്രീ ശങ്കരന്‍കുട്ടി ആനയെ ഉടമ ഏറ്റുമാനൂര്‍ ഉഷശ്രീ പി.എസ്. രവീന്ദ്രനാഥും പാപ്പാൻ വിഷ്ണുവും ചേർന്ന് ഹോസില്‍ വെള്ളം ഒഴിച്ച് തണുപ്പിക്കുന്നു. – അനൂപ് ടോം