കോട്ടയം: ഇടവിട്ടുള്ള വേനല്‍മഴയ്ക്കൊപ്പം മലയോര മേഖലയില്‍ കൊതുകുശല്യം രൂക്ഷം. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പ്രദേശങ്ങളില്‍ ഡെങ്കിപ്പനി രണ്ടാഴ്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ചിരട്ടകള്‍, ഉപയോഗിക്കാത്ത പാത്രങ്ങള്‍, കൊക്കോത്തോട്, വാട്ടര്‍ ടാങ്ക് എന്നിവയില്‍ കൊതുകു പെരുകാന്‍ അനുവദിക്കരുതെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ടാപ്പിംഗ് മുടങ്ങിയ തോട്ടങ്ങളില്‍ ചിരട്ട കമിഴ്ത്തി വയ്ക്കണം.
വടക്കന്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൊതുകു നശീകരണം പ്രധാനമാണ്.വെസ്റ്റ് നൈല്‍ പനി ജപ്പാന് ജ്വരവും ഡെങ്കിയും പോലെ ഗുരുതരമാകാറില്ലെങ്കിലും കരുതല്‍ വേണം. വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരെയാണ് കൂടുതലായി ബാധിക്കുന്നത്. ഇതിന് വാക്സിന് ലഭ്യമല്ല.
തലവേദന, പനി, പേശീവേദന, തലചുറ്റല്‍, ഓര്മ നഷ്ടപ്പെടല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. കൊതുകുകടി ഏല്‍ക്കാതിരിക്കുകയാണ് പ്രതിരോധ മാര്‍ഗം.
ശരീരം മൂടുന്ന വസ്ത്രം ധരിക്കുക, കൊതുകുവല ഉപയോഗിക്കുക, ലേപനങ്ങള്‍ പുരട്ടുക, കൊതുക് നശീകരണ സാമഗ്രികള്‍ ഉപയോഗിക്കുക തുടങ്ങിയവ ഫലപ്രദമാണ്. കൊതുകിന്റെ ഉറവിട നശീകരണമാണ് ഏറ്റവും പ്രധാനം.