ചാത്തന്നൂർ: ഭാര്യയും മകളും കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പോലീസ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോലീസ് നിരീക്ഷണത്തിലാണ് ഭർത്താവ് പുതക്കുളം വേപ്പിൻ മൂട് തെങ്ങിൽ വീട്ടിൽ ശ്രീജു എന്ന് വിളിക്കുന്ന സുജിത്ത്.
സുജിത്തിന്റെ ഭാര്യ പ്രീത (39), മകൾ ശ്രീനന്ദ (14) എന്നിവരാണ് മരിച്ചത്. പതിനേഴുകാരനായ മകൻ ശ്രീരാഗ് ഗുരുതരാവസ്ഥയില്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീരാഗിന് അടിയന്തിര ശസ്ത്രക്രിയ നടത്തി. സ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നാണ് അറിവ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീജുവിന്റെ നിലയും ഗുരുതരമാണ്.
ഇയാള്‍ ഭാര്യയ്ക്കും മക്കള്‍ക്കും വിഷം നല്കിയ ശേഷമാണ് കഴുത്തറത്തതെന്ന് പോലീസ് സംശയിക്കുന്നു. ശ്രീരാഗും ശ്രീജുവും ഗുരുതരാവസ്ഥയിലായതിനാൽ മൊഴി രേഖപ്പെടുത്താൻ പോലീസിനായിട്ടില്ല. ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും ശ്രീജുവിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ എന്നാണ് പരവൂർ എസ് എച്ച് ഒ പ്രമോദ് കുമാർ പറഞ്ഞത്.
സാമ്പത്തിക ബാധ്യതയും പ്രീതയുടെ രോഗവുമാണ് ഈ കടുംകൈയ്ക്ക് കാരണമായി സംശയിക്കുന്നത്. പ്രീതയുടെ മാതാവ് കാൻസർ രോഗത്തെ തുടർന്നാണ് മരിച്ചത് എന്ന് ബന്ധുക്കൾ പറഞ്ഞു. ശ്രീജു 10 വർഷത്തോളം വിദേശത്തായിരുന്നു. നാട്ടിലെത്തിയ ശേഷം കെട്ടിട നിർമാണ തൊഴിലാളിയായി ജോലി ചെയ്ത് വരികയാണ്.
പ്രീത പുതക്കുളം സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റാണ്. ഇവർ താമസിക്കുന്നതിന് പുറമേ മറ്റൊരു വസ്തുവും വീടുമുണ്ട്. ഈ വീട് വാടകയ്ക്ക് കൊടുത്തിരിക്കയാണ്. ഒരു തുണിക്കടയും നടത്തുന്നുണ്ട്. കടബാധ്യതയുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.
മരിച്ച ശ്രീനന്ദ പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ആശുപത്രിയിൽ കഴിയുന്ന ശ്രീരാഗ് പ്ലസ് ടു വിദ്യാർഥിയും. പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ പ്രീതയുടെയും ശ്രീനന്ദയുടെയും മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.