കൊച്ചി: ഫിലോമിന മൂത്തേടന് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ സിനിമയുടെ 44-ാം വാര്‍ഷികവും താരസംഗമവും 20ന് കലൂര്‍ ഗോകുലം കണ്വന്ഷന് സെന്ററില്‍ നടക്കും.
വൈകുന്നേരം 6.30ന് നടക്കുന്ന സംഗമത്തില്‍ സിനിമയിലെ അഭിനേതാക്കളായ മോഹന്‍ലാല്‍, ശങ്കര്‍, പൂര്‍ണിമ ജയറാം, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എന്നിവരെ ആദരിക്കുമെന്ന് ഷോ ഡയറക്ടര്‍ രാഹുല്‍ ആന്റണി പത്രസമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഗീത സംവിധായകന് ജെറി അമല്‍ദേവിന്റെ സംഗീതനിശയും നഗരത്തിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികളുടെ നൃത്തോത്സവവും അരങ്ങേറും.
എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ താരസംഗമത്തിന്റെ ആദ്യടിക്കറ്റ് വില്പന ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സ്റ്റാന്‍ലി ജോസ് നാട്യശ്രീ ചിത്രാ സുകുമാരന്‍ നല്കി നിര്‍വഹിച്ചു.
1000 രൂപ മുതല്‍ 2000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ഷോയില്‍ നിന്നുള്ള അധിക വരുമാനം ട്രസ്റ്റിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.