ന്യൂഡൽഹി: ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ വിക്കറ്റിനെച്ചൊല്ലി വിവാദം.
അന്പയറിംഗിലെ പിഴവാണ് സെഞ്ചുറിയിലേക്കു കുതിച്ച സഞ്ജുവിന്റെ (46 പന്തിൽ 86 റണ്സ്) വിക്കറ്റിനു കാരണമെന്നു രൂക്ഷ വിമർശനമുയർന്നു. വിജയിക്കുമെന്ന ഘട്ടത്തിൽനിന്നു സഞ്ജുവിന്റെ വിക്കറ്റിനു പിന്നാലെ രാജസ്ഥാനും അടിപതറി. 20 റണ്സ് തോൽവി ഏറ്റുവാങ്ങി.
മത്സരത്തിലെ പതിനാറാമത്തെ ഓവറിലെ നാലാം പന്തിലായിരുന്നു വിവാദ വിക്കറ്റ്. പേസർ മുകേഷ് കുമാർ എറിഞ്ഞ പന്ത് അതിർത്തി കടത്താനുള്ള സഞ്ജുവിന്റെ ശ്രമം ബൗണ്ടറിലൈനിൽ ഷായ് ഹോപ്പ് കൈകളിൽ ഒതുക്കി.
ഹോപ്പ് ബൗണ്ടറിലൈനിൽ ടച്ച് ചെയ്തോയെന്നു ഫീൽഡ് അന്പയർക്ക് ഉറപ്പില്ലാത്തതിനാൽ ടിവി അന്പയർ മൈക്കൽ ഗഫ് ആണ് റീപ്ലേ കണ്ട് ഹോപ്പ് എടുത്ത ക്യാച്ച് വിക്കറ്റാണെന്നു വിധിച്ചത്. ഈ സമയം സഞ്ജു ഗ്രൗണ്ടിനു പുറത്തേക്കു നടന്നുതുടങ്ങിയിരുന്നു. എന്നാൽ റീപ്ലേയിൽ ഹോപ്പിന്റെ പാദങ്ങൾ ബൗണ്ടറിലൈനിൽ ടച്ച് ചെയ്യുന്നതായി വ്യക്തമായ സഞ്ജു അന്പയറോട് ഇക്കാര്യം ചൂണ്ടിക്കാട്ടി.
അപ്പോഴേക്കും ഗ്രൗണ്ടിലെ വലിയ സ്ക്രീനിൽ വിക്കറ്റ് എന്ന് തെളിഞ്ഞിരുന്നു. തുടർന്ന് ഫീൽഡ് അന്പയർ കെ.എൻ. അനന്തപദ്മനാഭനോടും ഉല്ലാസ് ഗാന്ധെയോടും ദീർഘനേരം വാഗ്വാദത്തിൽ ഏർപ്പെട്ടശേഷമാണു സഞ്ജു ക്രീസ് വിട്ടത്. അന്പയറോട് കയർത്തതിനും ഔട്ട് വിധിച്ചിട്ടും കളത്തിനു പുറത്തേക്കുപോകാതെയും നിന്നതിനും മാച്ച് ഫീയുടെ മുപ്പത് ശതമാനം സഞ്ജുവിന് ബിസിസിഐ പിഴ ചുമത്തുകയും ചെയ്തു.
ഹോപ്പ് എടുത്ത ക്യാച്ച് ബൗണ്ടറിലൈനിൽ ടച്ച് ചെയ്തു എന്ന് റിപ്ലേയിൽ സംശയം ജനിച്ചിട്ടും മറ്റ് ആംഗിളുകളിൽനിന്ന് വിക്കറ്റ് ചെക്ക് ചെയ്തില്ലെന്നതാണ് ആരാധകരുടെയും മുൻകളിക്കാരുടെയും രൂക്ഷ വിമർശനത്തിന് ഇടയാക്കിയത്. മുൻ ഇന്ത്യൻ താരം നവജ്യോത് സിംഗ് സിദ്ദു, മുൻ ശ്രീലങ്കൻ താരം സനത് ജയസൂര്യ എന്നിവരടക്കമുള്ള താരങ്ങൾ സഞ്ജുവിന് പിന്തുണയറിയിച്ച് രംഗത്തു വന്നിരുന്നു.
സീസണിൽ അന്പയറിംഗ് പിഴവിന്റെ കൂടുതൽ ഉദാഹരണങ്ങൾ ഇങ്ങനെ:
കോൽക്കത്തയ്ക്കെതിരായ മത്സരത്തിൽ ബംഗളൂരു താരം വിരാട് കോഹ്ലിയുടെ വിക്കറ്റാണ് നേരത്തേ വിമർശനത്തിനു വഴിതെളിച്ചത്. ഹർഷിത് റാണ എറിഞ്ഞ സ്ലോ ഫുൾടോസ് പന്തിൽ ക്യാച്ച് നൽകിയാണു വിക്കറ്റ് നഷ്ടമായത്. എന്നാൽ പന്ത് തന്റെ അരയ്ക്കുമുകളിൽ ഉയരത്തിലായിരുന്നെന്നാണു കോഹ്ലിയുടെ വാദം.
രാജസ്ഥാൻ- ഗുജറാത്ത് മത്സരത്തിൽ വൈഡ് ബോളാണ് വില്ലനായത്. മോഹിത് ശർമ എറിഞ്ഞ പന്ത് അന്പയർ വൈഡ് അനുവദിച്ചു. ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ റിവ്യൂ ആവശ്യപ്പെട്ടു. തേർഡ് അന്പയർ വൈഡ് നിരസിച്ചു.
എന്നാൽ തേർഡ് അന്പയർ റിപ്ലേ ചെക്ക്ചെയ്യുകയും വീണ്ടും തീരുമാനം മാറ്റി ഫീൽഡ് അന്പയറുടെ തീരുമാനത്തിനൊപ്പം നിന്നു വൈഡ് അനുവദിക്കുകയുമായിരുന്നു. ലക്നോ- ഡൽഹി മത്സരത്തിലും ഇത്തരത്തിൽ വൈഡ് വിവാദത്തിനു കാരണമായിരുന്നു. മുംബൈ- ലക്നോ മത്സരത്തിൽ ആയുഷ് ബധോനിയുടെ റണ്ണൗട്ടും വിവാദ അന്പയറിംഗ് തീരുമാനത്തിനു ഉദാഹരണമായി.