കായംകുളം: സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നത വീഡിയോയിൽ പകർത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ.
കൊല്ലം ജില്ലയിൽ മുണ്ടയ്ക്കൽ വില്ലേജിൽ കൊല്ലം മുനിസിപ്പൽ കോർപറേഷൻ 22-ാം വാർഡിൽ വൈ നഗറിൽ ബദരിയ മൻസിലിൽനിന്നും കൊല്ലം ശക്തികുളങ്ങര കാവനാട് ഐക്യ നഗറിൽ വീട് നമ്പർ 141 ൽ താമസിച്ചു വരുന്ന മുഹമ്മദ് ഹാരിസ് (36) ആണ് കായംകുളം പോലീസിന്റെ പിടിയിലായത്.
ആദ്യം ഇയാൾ സ്കൂളുകളിലെ അധ്യാപകരുടെ ഫോൺ നമ്പർ കൈക്കലാക്കി സിനിമാ നിർമാതാവാണെന്നു പറഞ്ഞ് ബ്രോഷർ അയച്ചു നൽകും. പിന്നീട് അഭിനയിക്കാൻ താത്പര്യമുള്ള പെൺകുട്ടികളുടെ ഓഡിഷൻ നടത്താനാണെന്ന് പറഞ്ഞ് അധ്യാപകരെ കബളിപ്പിച്ച് അവരിൽനിന്നു കൗശലപൂർവം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊബൈൽ നമ്പർ കരസ്ഥമാക്കും.
എന്നിട്ട് പെൺകുട്ടികളുടെ മൊബൈൽ നമ്പറിലേക്ക് വിളിച്ച് സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിക്കുകയും സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് വീഡിയോ കോളിൽ വിളിച്ച് ഒരു രംഗം അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്യും.
ഒരു രംഗം അഭിനയിച്ചു കാണിക്കുമ്പോൾ നന്നായിട്ടുണ്ട് എന്നും അടുത്തരംഗം അഭിനയിക്കാൻ വേണ്ടി കാമറയ്ക്കു മുമ്പിൽനിന്നു ഡ്രസ് മാറാൻ ആവശ്യപ്പെടുകയും ഇതു മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യുകയും ചെയ്യും. കൂട്ടുകാരികൾക്ക് സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ച് അവരുടെ നമ്പരും കൈക്കലാക്കി അവരേയുംസമാനരീതിയിൽ വീഡിയോ കോൾ ചെയ്ത് നഗ്നദൃശ്യങ്ങൾ പകർത്തുകയും പിന്നീട് ഇത് തട്ടിപ്പാണെന്ന് അറിഞ്ഞ് പെൺകുട്ടികൾ വിളിക്കുമ്പോൾ ആരോടെങ്കിലും പറഞ്ഞാൽ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
ഇയാളുടെ പേരിൽ നൂറനാട് സ്റ്റേഷനിലും കനകക്കുന്ന് സ്റ്റേഷനിലും സമാനരീതിയിൽ കേസ് നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.
2020ൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പി ച്ചതിന് കൊല്ലം ഇരവിപുരം പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരേ കേസുണ്ട്.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ മേൽനോട്ടത്തിൽ കായംകുളം ഡിവൈഎസ് പി അജയനാഥ്, സിഐ സുധീർ എസ്ഐമാരായ ഹാഷിം, രതീഷ് ബാബു, എഎസ്ഐ ജീജാ ദേവി, പോലീസുകാരായ അരുൺ, ഗിരീഷ്, ദീപക്, ഷാജഹാൻ, ഖിൽ മുരളി, ഇയാസ് മണിക്കുട്ടൻ, വിഷ്ണു, ഫിറോസ്, അനീഷ്, അഖിൽ, ഗോപകുമാർ എന്നിവരടങ്ങിയ സംഘം ദിവസങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.