പോളിംഗ് സ്റ്റേഷനില്‍ പ്രവേശിച്ച് സമൂഹമാധ്യമത്തിൽ ലൈവ് വീഡിയോ ചെയ്ത ബിജെപി സ്ഥാനാർഥിയുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ദാഹോദ് ലോക്സഭാ മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാര്‍ഥിയുമായ ജസ്വന്ത് സിംഗ് ഭാഭോറിന്റെ മകൻ വിജയ് ഭാഭോറാണ് പിടിയിലായത്. ഇയാൾ ബൂത്ത് കൈയേറി കള്ളവോട്ട് ചെയ്തെന്നും ആരോപണമുണ്ട്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം തന്റെ പിതാവിന്റേതാണെന്നു വിജയ് പറയുന്നതായി വീഡിയോയിലുണ്ട്. മറ്റൊരാളെയും വിജയ് ഭാഭോറിനൊപ്പം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവം വിവാദമായതോടെ ഇയാൾ സമൂഹമാധ്യമത്തിൽനിന്നു വീഡിയോ പിൻവലിച്ചു. വീഡിയോയുടെ പകർപ്പ് സഹിതം കോൺഗ്രസ് തെരഞ്ഞടുപ്പ് കമ്മീഷനു പരാതി നൽകിയിട്ടുണ്ട്. ബൂത്തില്‍ റീ പോളിംഗ് നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.