കോഴിക്കോട്: കനത്തജാഗ്രതാ നിര്‍ദേശം തുടരുമ്പോഴും വെസ്റ്റ് നൈല്‍ പനി സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടാനുള്ള സാഹചര്യമുണ്ടെന്ന് ആരോഗ്യവകുപ്പ്. കോഴിക്കോട്ടും മലപ്പുറത്തും പത്തു പേര്‍ക്കു സ്ഥിരീകരിച്ച പനി ഇന്നലെ പാലക്കാട്ട് ഒരാളുടെ ജീവനെടുത്തു. വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചത് ജാഗ്രത തുടരേണ്ടതിലെ ആവശ്യകതയാണു വ്യക്തമാക്കുന്നത്.
പാലക്കാട് കാഞ്ഞിക്കുളം സ്വദേശി സുകുമാരനാണ് (65) മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മേയ് അഞ്ചിനു വീട്ടിൽവച്ച് ഛർദ്ദിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. പിന്നീടാണ് വെസ്റ്റ് നൈൽ പനിയാണെന്നു സ്ഥിരീകരിച്ചത്. പ്രദേശത്തെ വീടുകളില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി. ഉറവിടം പരിശോധിച്ചു വരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കോഴിക്കോട് , മലപ്പുറം ജില്ലകളിലായി പത്ത് പേര്‍ക്കായിരുന്നു ആദ്യഘട്ടത്തില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ മലപ്പുറം സ്വദേശികള്‍ പുര്‍ണമായും സുഖം പ്രാപിച്ചു. കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് വെസ്റ്റ് നൈല്‍ സ്ഥിരീകരിച്ചതില്‍ നാലു പേരും രോഗമുക്തി നേടിയിട്ടുണ്ട്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.
പ്രതിരോധശേഷി കുറഞ്ഞവരിലും മറ്റ് അസുഖബാധിതരിലുമാണു പനി കൂടുതല്‍ അപകടകരമാകുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ശക്തമായ പനിയുള്ളവര്‍ തീര്‍ച്ചയായും ആശുപത്രികളില്‍ ചികിത്സയ്ക്കായി എത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജുകളില്‍ ഉള്‍പ്പെടെ ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ പനി. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ എന്നിവയാണു പ്രധാന ലക്ഷണങ്ങൾ.
ചിലപ്പോൾ പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകാറില്ല. 10 മുതൽ 20 ശതമാനം ആളുകൾക്കാണ് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ ഉണ്ടാകുന്നത്. മറ്റു ചിലരിൽ മസ്തിഷ്ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയവയും കാണുന്നു. രണ്ടോ മൂന്നോ ആഴ്ച കൊണ്ട് രോഗം പൂർണമായും ഭേദമാകും. എന്നാൽ ശരീരത്തിനുണ്ടായ ക്ഷീണം മാറാൻ മാസങ്ങൾ വേണ്ടിവന്നേക്കാം. കൊതുകു വഴി പകരുന്നതിനാൽ കൊതുകിന്റെ ഉറവിട നശീകരണമാണ് പ്രതിരോധ മാർഗത്തിൽ പ്രധാനം.