നെടുമ്പാശേരി: എയർ ഇന്ത്യ എക്സ്പ്രസിൽ തുടർച്ചയായ രണ്ടാം ദിവസവും തുടരുന്ന സീനിയർ കാബിൻ ക്രൂ ജീവനക്കാരുടെ സമരത്തിൽ കടുത്ത നടപടി തുടങ്ങി കമ്പനി. മുന്നറിയിപ്പില്ലാതെ ജോലിക്കു ഹാജരാകാതിരുന്ന 30 ജീവനക്കാർക്കു പിരിച്ചുവിടൽ നോട്ടീസ് നൽകി. കേരള സെക്റ്ററിൽ ആറ് ജീവനക്കാർക്കാണു നോട്ടീസ്.
ന്യായമായ കാരണമില്ലാതെയാണു ജോലിയിൽനിന്നു വിട്ടുനിൽക്കുന്നതെന്നും നൂറിലധികം പേർ ഒരുമിച്ചു മെഡിക്കൽ ലീവ് എടുത്തതിനു പിന്നിൽ ആസൂത്രിതമായ തീരുമാനം ഉണ്ടെന്നും പിരിച്ചുവിടൽ നോട്ടീസിൽ കമ്പനി ചൂണ്ടിക്കാട്ടി. സമരം സംബന്ധിച്ച് ഇന്നു വൈകിട്ട് നാലിന് ചർച്ച നടക്കും.
ജീവനക്കാരുടെ മിന്നൽ സമരത്തെത്തുടർന്ന് 90ലധികം വിമാനങ്ങൾ ഇന്നലെ റദ്ദാക്കേണ്ടി വന്നിരുന്നു. ഇന്നു കണ്ണൂരില്‍നിന്നുള്ള നാലും തിരുവനന്തപുരത്തുനിന്നുള്ള രണ്ടും സര്‍വീസുകള്‍ റദ്ദാക്കി. യുഎഇയില്‍നിന്നുള്ള സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. രാജ്യവ്യാപകമായി 65ലധികം സർവീസുകൾ ഇന്നു റദ്ദാക്കേണ്ടി വരുമെന്നാണു സൂചന. വരും ദിവസങ്ങളിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ തടസപ്പെട്ടേക്കുമെന്നാണു വിവരം.
അതേസമയം മിന്നൽ പണിമുടക്കിനെ തുടർന്ന് താറുമാറായ എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് കൊച്ചിയിൽ സാധാരണഗതിയിലായി. യാത്ര മുടങ്ങിയവർക്ക് മുഴുവൻ പണവും തിരികെ നൽകുകയോ, ബദൽ യാത്രാ മാർഗങ്ങൾ ഒരുക്കുകയോ ചെയ്യുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. വിമാനത്താവളത്തിലേക്ക് വരുന്നതിന് മുൻപ് യാത്രക്കാര്‍ വിമാനമുണ്ടോയെന്ന് വിളിച്ച് ചോദിക്കണമെന്നു കന്പനി അറിയിച്ചു.
അലവന്‍സ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഒരുവിഭാഗം ജീവനക്കാർ ചൊവ്വാഴ്ച രാത്രി മുതൽ പണിമുടക്ക് നടത്തുന്നത്. 250 ഓളം സീനിയർ കാബിൻ ക്രൂ ജീവനക്കാർ കൂട്ടമായി രോഗാവധി എടുക്കുകയായിരുന്നു. ടാറ്റാ ഏറ്റെടുത്തതോടെ എയർ ഇന്ത്യയിൽ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയിരുന്നു.
ഇത് പ്രതികൂലമായി തങ്ങളെ ബാധിച്ചുവെന്ന കാരണത്താലാണ് എയർ ഇന്ത്യ എക്സ്പ്രസിലെ സീനിയർ കാബിൻ ക്രൂ പ്രക്ഷോഭത്തിന്റെ പാതയിലേക്ക് നീങ്ങിയത്. ഒരു വിമാനത്തിൽ ഒരു സീനിയർ കാബിൻ ക്രൂ ഉണ്ടായിരിക്കണം എന്നാണ് നിബന്ധന. കൂട്ട അവധി എടുത്തതോടെ സീനിയർ കാബിൻ ക്രൂ വിഭാഗത്തിൽപ്പെട്ട ആരും ജോലിക്ക് ഹാജരായില്ല.
അടിയന്തരമായി വിദേശത്ത് എത്തേണ്ടവരും നാട്ടിൽ എത്തേണ്ടവരും വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് കടുത്ത ദുരിതത്തിലാണ്. കരാർ തൊഴിലാളികളുടെ ഉൾപ്പെടെ പലരുടെയും വിസ കാലാവധി അവസാനിക്കുമെന്നതും പ്രശ്നമാണ്.
കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബഹളം
മട്ടന്നൂര്‍: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന ജീവനക്കാരുടെ പണിമുടക്കിനെത്തുടര്‍ന്നു കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്നും യാത്രക്കാരുടെ ബഹളം.
വിമാനം റദ്ദാക്കിയത് അറിയാതെ വിമാനത്താവളത്തിലെത്തിയവരാണു പ്രതിഷേധിച്ചത്. ഷാർജ, അബുദാബി, മസ്ക്കറ്റ്, ദമാം എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഇന്ന് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയിരുന്നു.ഇന്നു പുലർച്ചെ 4.25ന് ഷാർജയിലേക്കു പോകണ്ട വിമാനത്തിൽ യാത്ര ചെയ്യേണ്ട യാത്രക്കാർ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയത് അറിയുന്നത്. സർവീസ് റദ്ദാക്കിയത് മുൻ കൂട്ടി അറിയിച്ചില്ലെന്നു പറഞ്ഞായിരുന്നു യാത്രക്കാരുടെ ബഹളം.
പിന്നീട് യാത്രക്കാർ തിരിച്ചു പോകുകയായിരുന്നു. 4.35ന് പോകേണ്ട മസ്ക്കറ്റ്, 5.15 ന് പോകേണ്ട ദമാം, രാവിലെ 9.20ന് പോകേണ്ട അബുദാബി വിമാനങ്ങളും പിന്നീടു റദ്ദാക്കി.ഇന്നലെ ഷാർജ, മസ്ക്കറ്റ്, അബുദാബി, കുവൈറ്റ്, ദോഹ, റാസൽ ഖൈമ എന്നിവിടങ്ങളിലേക്കുള്ള ആറു വിമാന സർവീസുകളാണു റദ്ദാക്കിയിരുന്നത്. ഇവിടെനിന്നു കണ്ണൂരിലേക്കുള്ള ഇന്നലത്തെ സർവീസുകളും റദ്ദായിരുന്നു. ഇന്നലെ മാത്രം 1500 ഓളം പേരുടെ യാത്രയാണു മുടങ്ങിയത്. യാത്രക്കാർക്ക് ടിക്കറ്റ് റീഫണ്ടോ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റോ നൽകുമെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു.
യാത്രക്കാർ ബന്ധപ്പെടണം
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ സര്‍വീസ് നടത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങള്‍ റദ്ദാക്കുകയും ആ സാഹചര്യം തുടരുകയും ചെയ്യുന്നതിനാല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ എയര്‍ ഇന്ത്യ എക്സ്പ്രസുമായി ബന്ധപ്പെടണമെന്ന് കിയാല്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു. യാത്രികര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് ടോള്‍ഫ്രീ നമ്പറുകളായ 080 4666 2222, 080 6766 2222 എന്നിവയിലും എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂര്‍ എയര്‍പോര്‍ട്ട് നമ്പറായ 04902 482600 എന്ന ഫോൺ നന്പറിലും ബന്ധപ്പെടണം.