കണ്ണൂർ: കണ്ണൂരിൽ പിടികൂടിയ കള്ളനോട്ടുമായി ബന്ധപ്പെട്ട് ഒരാൾകൂടി കസ്റ്റഡിയിൽ. ചെറുപുഴ പാടിയോട്ടുചാൽ സ്വദേശിനിയായ യുവതിയെയാണ് ഇന്ന് പുലർച്ചെ കണ്ണൂർ ടൗൺ സിഐ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. കള്ളനോട്ടുമായി ബന്ധപ്പെട്ട് പയ്യന്നൂർ സ്വദേശി ഷിജുവിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് യുവതിയാണ് കള്ളനോട്ട് നല്‍കിയതെന്ന് വിവരം ലഭിച്ചത്.
ഈ യുവതി കഴിഞ്ഞ ദിവസം പാടിയോട്ടുചാലിലെ പെട്രോൾ പന്പിൽനിന്നു വാഹനത്തിൽ എണ്ണ നിറച്ചശേഷം നല്കിയ അഞ്ഞൂറു രൂപ കള്ളനോട്ടായിരുന്നു. തുടർന്ന് ജീവനക്കാർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. കണ്ണൂർ ടൗൺ പോലീസിന് ലഭിച്ച വിവരം അനുസരിച്ച് യുവതിയുടെ വീട്ടിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.
യുവതി കാസർഗോഡ് ജില്ലയിൽ ഡ്രൈവിംഗ് സ്കൂൾ നടത്തുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കള്ളനോട്ടുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിക്കുന്ന വിവരം.ബാറിൽ കയറി മദ്യപിച്ചതിനു ശേഷം ബില്ലടയ്ക്കാൻ കള്ളനോട്ട് നൽകിയ സംഭവത്തിലാണ് പ്രവാസിയായ പയ്യന്നൂർ സ്വദേശി ഷിജു (36)വിനെ ഇന്നലെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകുന്നേരം നഗരത്തിലെ ഒരു ബാറിലെത്തി മദ്യപിച്ചശേഷം ബിൽ തുകയായ 2562 രൂപയിൽ അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകൾ ബിൽ ഫോൾഡറിനകത്ത് വച്ച് കടന്നുകളയുകയായിരുന്നു. ബാർ ജീവനക്കാരൻ മനു കുര്യൻ മാത്യുവിന്റെ പരാതിയെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ സഹിതം പോലീസ് നടത്തിയ പരിശോധനയിൽ തൊട്ടടുത്തുള്ള മറ്റൊരു ബാറിനു സമീപം വച്ചാണ് ഇയാൾ പിടിയിലാകുന്നത്.
പരിശോധനയിൽ ഇയാളിൽ നിന്നും 500 രൂപയുടെ അഞ്ചു കള്ളനോട്ടുകളും കണ്ടെത്തി.മെക്കാനിക്കായ ഇയാൾ വര്‍ക്ക് ഷോപ്പില്‍ നിന്നും ജോലി ചെയ്തതിന് കിട്ടിയ നോട്ടുകളാണെന്നാണ് മൊഴി നല്‍കിയത്. എന്നാല്‍, സംഭവത്തിന് പിന്നില്‍ വൻ റാക്കറ്റുകളുണ്ടെന്നാണ് പോലീസ് നല്കുന്ന സൂചന.ഷിജു ഏറെക്കാലം ഗള്‍ഫില്‍ ജോലി ചെയ്തിരുന്നതായും ചെറുവത്തൂര്‍ കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവര്‍ത്തനമെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്്.