തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് സ്ഥാപക അധ്യക്ഷന്‍ അന്തരിച്ച ഡോ. കെ.പി. യോഹന്നാന്റെ (മാര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍, 74) സംസ്കാരം നാട്ടില്‍ നടക്കും. ചൊവ്വാഴ്ച രാവിലെ അമേരിക്കയിലുണ്ടായ അപകടത്തെത്തുടര്‍ന്നു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്നു കെ.പി. യോഹന്നാന് ഇന്നലെ വൈകുന്നേരമാണ് അന്തരിച്ചത്.
മൃതദേഹം ഡാളസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജന്മനാട്ടിലെത്തിച്ചു സംസ്കാരം നടത്തുന്നതു സംബന്ധിച്ച ആലോചനകള്‍ക്കായി സഭാ സിനഡ് ഇന്നു രാവിലെ കൂടുന്നുണ്ട്. കെ.പി. യോഹന്നാന്റെ ഭാര്യയും മക്കളും അടക്കമുള്ളവര്‍ അമേരിക്കയിലുണ്ട്.അപകടത്തെത്തുടര്‍ന്ന് യുഎസിലെ ഡാളസ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം ആരോഗ്യസ്ഥിതി മോശമായി.
ഇന്ത്യന്‍ സമയം രാത്രി 7.30 തോടെയാണ് മരണം സ്ഥിരീകരിച്ചത്. യുഎസിലെ ടെക്സാസില്‍ പ്രഭാതസവാരിക്കിടെ അജ്ഞാതവാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കെ.പി. യോഹന്നാന് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമായതെന്ന് പറയുന്നു.
ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ടെക്സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസാണ് സാധാരണഗതിയില്‍ പ്രഭാതസവാരിക്കായി അദ്ദേഹം തെരഞ്ഞെടുക്കുക. എന്നാല്‍ ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി കാമ്പസിനു പുറത്തേക്കാണ് പോയത്.
നാല് ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചത്. സംസ്കാരം സംബന്ധിച്ച തീരുമാനം പിന്നീടുണ്ടാകുമെന്ന് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് കേന്ദ്രത്തില്‍ നിന്ന് അറിയിച്ചു. ഭാര്യ: ഗിസെല്ല. മക്കള്‍: ഡാനിയേല്‍ (ഡാനിയേല്‍ മാര്‍ തിമോത്തിയാസ്), സാറ. മരുമക്കള്‍: എറീക്ക, ഫാ. ഡോ. ഡാനിയേല്‍ ജോണ്സണ് (ബിലീവേഴ്സ് സഭ സെക്രട്ടറി).