ചാത്തന്നൂർ: ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും മകന്റെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിക്കുകയും പിന്നീട് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തത് ഭാര്യയുമായി ചേർന്നെടുത്ത തീരുമാനമാണെന്ന് പ്രതി ശ്രീജു (സുജിത്ത്) പോലീസിനോട് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും പരവൂർ ഇൻസ്പെക്ടർ ജെ. എസ്. പ്രവീൺ അറിയിച്ചു.
പരവൂര്‍ പൂതക്കുളം കൃഷിഭവനു സമീപം ചൊവ്വാഴ്ചയാണ് സംഭവം. പൂതക്കുളം വേപ്പിൻ മൂട് തെങ്ങിൽ വീട്ടിൽപ്രീത(39), മകൾ ശ്രീനന്ദ(14) എന്നിവരാണ് മരിച്ചത്. പതിനേഴുകാരനായ മകൻ ശ്രീരാഗ് ഗുരുതരാവസ്ഥയില്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോലീസ് നിരീക്ഷണത്തിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന ശ്രീജുവിനെ ബുധനാഴ്ച വൈകിട്ട് ഡിസ്ചാർജ് ചെയ്തതോടെ പോലീസ് കസ്റ്റഡിയിലെടുത്തു. പരവൂരിലെ പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയശേഷമാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തുമണിയോടെ തന്നെ കൂട്ട ആത്മഹത്യയ്ക്കുള്ള തയാറെടുപ്പുകൾ തുടങ്ങി. സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ട ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. ഭാര്യയ്ക്ക് എത്ര രൂപയുടെ കടമുണ്ടെന്ന് തനിക്ക് വ്യക്തമായി അറിയില്ലെന്നും ശ്രീജു പറഞ്ഞു. ഭാര്യയുടെ സമ്മതത്തോടെയാണ് കൃത്യം നടത്തിയത്.
രാത്രി പാലിൽ ഉറക്കഗുളികകളും മറ്റും കലക്കി കൊടുത്തു. അതിന് ശേഷമാണ് മൂന്നു പേരുടെയും കഴുത്തറുത്തത്. മദ്യലഹരിയിലായിരുന്നുഎന്നും പോലീസിനോട് സമ്മതിച്ചു.പ്രീതയുടെയും ശ്രീനന്ദയുടെയും മൃതദേഹങ്ങൾ ബുധനാഴ്ച പകൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. നൂറുകണക്കിനാളുകൾ ആദരാഞ്ജലികളർപ്പിക്കാൻ എത്തിയിരുന്നു.
പോലീസ് നിരീക്ഷണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ശ്രീജുവിനെ ഇന്നലെ വൈകുന്നേരം ഡിസ്ചാർജ് ചെയ്ത ഉടൻ തന്നെ പരവൂർ പോലീസ് കസ്റ്റഡിയിലെടുത്ത് പരവൂരിൽ എത്തിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാത്രി വൈകി പരവൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. കോടതി റിമാൻഡ് ചെയ്ത് ജയിലിലേയ്ക്കയച്ചു.
ചാത്തന്നൂർ എസിപി ബൈജുവിനായരുടെ മേൽനോട്ടത്തിൽ പരവൂർ എസ്എച്ച് ഒജെ.എസ്. പ്രവീണിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും. ഗുരുതരാവസ്ഥയിലുള്ള ശ്രീരാഗിൻ്റെ സ്ഥിതി മെച്ചപ്പെട്ട ശേഷം മൊഴി എടുക്കാനുള്ള തീരുമാനമാണ് പോലീസിന്റേത്.
.