കൊച്ചി: അക്ഷയതൃതീയ ദിനമായ ഇന്ന് ആഭരണവിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് സംസ്ഥാനത്തെ സ്വര്‍ണവ്യാപാരികള്‍. ഇന്ന് അഞ്ചു ലക്ഷത്തിലധികം കുടുംബങ്ങള്‍ സ്വര്‍ണം വാങ്ങാനെത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിപുലമായ ആഘോഷങ്ങളാണ് സ്വര്‍ണക്കടകളില്‍ ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് ഓണ വിപണിക്കുശേഷം സ്വര്‍ണത്തിന്റെ വ്യാപാരം ഏറ്റവും കൂടുതല്‍ നടക്കുന്നത് അക്ഷയതൃതീയ നാളിലാണ്. തിരക്ക് ഒഴിവാക്കാനായി ജ്വല്ലറികളില്‍ സ്വര്‍ണാഭരണങ്ങളുടെ ബുക്കിംഗ് നേരത്തേതന്നെ ആരംഭിച്ചിരുന്നു.
സാധാരണ അക്ഷയതൃതീയയോടനുബന്ധിച്ച് 1,500 കിലോ സ്വര്‍ണാഭരണ വില്പനയാണു കേരളത്തില്‍ നടക്കാറുള്ളത്. സ്വര്‍ണ വിഗ്രഹം, സ്വര്‍ണ നാണയം എന്നിവയ്ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലക്ഷ്മി ലോക്കറ്റ്, ഗുരുവായൂരപ്പന് ലോക്കറ്റ് എന്നിവയ്ക്കും ഉയര്‍ന്ന ഡിമാന്‍ഡുണ്ട്.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍, കോയിനുകള്‍ എന്നിവ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. ഇന്നലെ സ്വര്‍ണവില ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും കുറഞ്ഞിട്ടുണ്ട്. ഇതോടെ ഗ്രാമിന് 6,615 രൂപയും പവന് 52,920 രൂപയുമായി.
അക്ഷയതൃതീയയ്ക്ക് സ്വര്‍ണാഭരണങ്ങളോ ചെറിയ സ്വര്‍ണനാണയങ്ങളോ സ്വന്തമാക്കുന്ന ശീലം ഇന്ന് മലയാളികള്‍ക്കിടയില്‍ കണ്ടുവരുന്നുണ്ടെന്ന് ഓള് ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു.
സ്വന്തം ലേഖിക