പീരുമേട്: കൊട്ടാരക്കര – ഡിണ്ടിഗൽ ദേശീയപാതയിൽ കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്കു സമീപം കടുവാപ്പാറയിൽ കാർ കൊക്കയിലേക്കു മറിഞ്ഞ് രണ്ടുപേർ മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം.
നിയന്ത്രണം നഷ്ടമായ കാർ 600 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ആറ്റിങ്ങൽ നാവായിക്കുളം വെട്ടുചിറ വെള്ളായിൽ സ്വദേശികളായ ഭദ്ര (18), സിന്ധു (45) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ ഷിബു (51), ഇയാളുടെ ഭാര്യ മഞ്ജു (43), മക്കളായ ഭാഗ്യ (13), ആദിദേവ്(20) എന്നിവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം പാലാ മാർ സ്ലീവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടവിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും മറ്റ് വാഹന യാത്രികരുമാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് പെരുവന്താനം, പീരുമേട് സ്റ്റേഷനുകളിലെ പോലീസ്, ഹൈവേ പോലീസ്, ഫയർ ഫോഴ്സ് എന്നിവരും എത്തി രക്ഷാ പ്രവർത്തനം നടത്തി.
കുട്ടിക്കാനത്തുനിന്നും മുണ്ടക്കയത്തേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ അമിതവേഗവും ചാറ്റൽ മഴയുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.