വെസ്റ്റ് നൈൽ പനി ബാധിതരിൽ പത്തിൽ എട്ട് പേർക്കും യാതൊരു ലക്ഷണവും ഉണ്ടാകാറില്ല. അഞ്ചിൽ ഒരാളിലേ പനി വരെ കാണുകയുള്ളു. പനിയുടെ കൂടെ തലവേദന, ശരീര വേദന, സന്ധി വേദന, ഛർദ്ദി, വയറിളക്കം, ദേഹത്ത് തടിപ്പ് എന്നിവ കാണാം. രോഗം സാധാരണ ഗതിയിൽ പ്രശ്നമൊന്നുമുണ്ടാക്കാതെ മാറാം. എന്നാൽ ക്ഷീണവും അവശതയും ആഴ്ചകളും മാസങ്ങളും നീണ്ടുനില്ക്കാം.
തലച്ചോറിനെ ബാധിച്ചാൽ
എന്നാൽ നൂറ്റമ്പതിൽ ഒരാൾക്ക് നാഡീവ്യൂഹത്തെ ബാധിക്കാവുന്ന ഗുരുതരമായ തകരാറുകൾ വരാം. അങ്ങനെ സാധ്യതയുള്ളവരിൽ കഴുത്തിനു വേദനയും മയക്കവും ബോധക്കേടും അപസ്മാരവും കാഴ്ചമങ്ങലും പേശികൾക്ക് മരവിപ്പും ബലക്ഷയവും ഒക്കെ വരാം. രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികളിലും വയോജനങ്ങളിലും ഈ രോഗം അപകടകരമായേക്കാം. തലച്ചോറിനെ ബാധിക്കുന്നവരിൽ 10% പേരിൽ മരണ സാധ്യതയുണ്ട്.
വെസ്റ്റ് നൈൽ വൈറസ്
ജാപ്പനീസ് എൻസഫലൈറ്റിസ് വൈറസിന്റെ കുടുംബക്കാരനായ വെസ്റ്റ് നൈൽ വൈറസ് ആണു രോഗകാരി. ക്യൂലക്സ് കൊതുകുകളാണു രോഗം പരത്തുന്നത്. അനോഫിലസ്, ക്യൂലക്സ് എന്നീ ഇനത്തിൽ പെട്ട കൊതുകുകൾ അശുദ്ധജലത്തിലാണു മുട്ടയിടുന്നത്. പലപ്പോഴും നമ്മൾ ചിന്തിക്കുന്നത് കൊതുകു മനുഷ്യനെ മാത്രമെ കടിക്കുന്നുള്ളൂ എന്നരീതിയിലാണ്.
നമ്മളെ കടിക്കാതെ ഓടിച്ചും പുകച്ചും വിട്ടാലും അവയ്ക്ക് കന്നുകാലികളുടെയും മറ്റു മൃഗങ്ങളുടെയും ചോരകുടിച്ചു ജീവിക്കാമെന്ന കാര്യം സൗകര്യപൂർവം മറക്കാറുണ്ട്. അതോർമ്മിപ്പിക്കുന്ന ഒരു രോഗമാണു വെസ്റ്റ് നൈൽ പനി. കാരണം, ഈ പനിയുടെ വൈറസ് പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നുമൊക്കെയാണു കൊതുകിനു കിട്ടുന്നത്.
പകരുമോ?
വളരെ വിരളമായി ഈ രോഗം രക്തവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന ലബോറട്ടറി ജീവനക്കാരെ പിടിപെടാറുണ്ട്. അമ്മയിൽ നിന്നു കുഞ്ഞിലേക്ക് ഗർഭാവസ്ഥയിലും മുലപ്പാൽ കൊടുക്കുമ്പോഴും വ്യാപിക്കാം. എന്നാൽ, ചുമയിലൂടെയും തുമ്മലിലൂടെയും സ്പർശനത്തിലൂടെയും പകരാറില്ല.
എന്നിരുന്നാലും ചത്ത ജീവികളെയോ പക്ഷികളെയോ കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ കയ്യുറകൾ ധരിക്കുക. കാക്ക, കുരുവി തുടങ്ങിയ ചില പക്ഷികൾ ഈ രോഗം ബാധിച്ചു ചാവാറുണ്ട്. അതിനാൽ പക്ഷികൾ ചുറ്റുപാടിൽ ചത്തു കിടക്കുന്നതു കണ്ടാൽ ആരോഗ്യവകുപ്പിനേയും വെറ്ററിനറി വകുപ്പിനേയും അറിയിക്കുക.
ചികിത്സ
ആധുനിക വൈദ്യശാസ്ത്രത്തിൽ മനുഷ്യർക്കുള്ള വാക്സിൻ ഇല്ല. വേദന സംഹാരികളും പനി കുറയാനുള്ള മരുന്നുകളും നല്കി ഒബ്സർവേഷനിൽ വയ്ക്കുകയാണു ചെയ്യുന്നത്. കൊതുകു കടിയേല്ക്കാതെ പരമാവധി ശ്രദ്ധിക്കുക.
ഡെങ്കിപ്പനി, മങ്കിപ്പനി, ചിക്കുൻ ഗുനിയ, പക്ഷിപ്പനി, പന്നിപ്പനി, എലിപ്പനി…എന്നിങ്ങനെ വിവിധ പേരിലുള്ള രോഗങ്ങളെയും ചുറ്റുമുള്ള ജീവജാലങ്ങളേയും പേടിച്ചുപേടിച്ചു ജീവിക്കുകയല്ല, ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധശേഷി കൂട്ടുക എന്നതാണു ശാശ്വത പരിഹാരം.
ഡോ: റ്റി.ജി. മനോജ് കുമാർ,
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
[email protected]