തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിന്റെ ചുമതല വീണ്ടും ഏറ്റെടുക്കാൻ ഹൈക്കമാൻഡ് കെ. സുധാകരന് അനുമതി നൽകിയതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള ഗ്രൂപ്പ് നേതാക്കൾക്ക് അതൃപ്തിയെന്നു സൂചന. ഹൈക്കമാൻഡിൽ സമ്മർദം ചെലുത്തി തന്റെ മടങ്ങിവരവ് സാധ്യമാക്കിയ സുധാകരന്റെ കരുനീക്കം ഗ്രൂപ്പ് നേതാക്കളെ അസ്വസ്ഥരാക്കിയിരിക്കുകയാണ്.
എ.കെ. ആന്റണിയുടെ ഇടപെടലാണ് ഹൈക്കമാന്‍ഡിന്റെ പിന്തുണ സുധാകരന് ലഭിക്കാൻ വഴിവച്ചത്. കേരളത്തിൽ എൽഡിഎഫിനെയും ബിജെപിയെയും പ്രതിരോധിച്ച് പാർട്ടിയെ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തിയുള്ള നേതാവ് സുധാകരനാണെന്ന് എ.കെ. ആന്റണി ഹൈക്കമാൻഡിനെ ധരിപ്പിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന.
കെ. സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനമേറ്റെടുക്കാൻ ഇന്ദിരാ ഭവനിൽ എത്തിയപ്പോൾ എം.എം. ഹസൻ ഉൾപ്പെടെയുള്ള ചില നേതാക്കൾ വിട്ടുനിന്നത് സുധാകരൻ അനുകൂലികൾ വിവാദമാക്കിയിട്ടുണ്ട്. ആക്ടിംഗ് പ്രസിഡന്റായിരിക്കെ ഹസൻ കൈക്കൊണ്ട ചില തീരുമാനങ്ങൾ സുധാകരൻ ചോദ്യം ചെയ്തിരുന്നു. അതെല്ലാം പുനഃപരിശോധിക്കുമെന്നു സുധാകരൻ പരസ്യമായി പറഞ്ഞതും ഗ്രൂപ്പ് നേതാക്കളെ ചൊടിപ്പിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ. സുധാകരനും തമ്മിലുള്ള അടുപ്പത്തിൽ ഏറെ വിള്ളൽ ഉണ്ടായിരിക്കുകയാണ്. സുധാകരന്റെ കാർക്കശ്യ നിലപാടും പാർട്ടിയെ സെമി കേഡർ സംവിധാനത്തിലാക്കാനുള്ള നടപടികളിലും പല നേതാക്കൾക്കുമുള്ള അതൃപ്തി മറനീക്കി പുറത്ത് വന്നിട്ടുണ്ട്.
കെ. സുധാകരന്റെ ശൈലിയിൽ മാറ്റം വരുത്തേണ്ട വിഷയങ്ങൾ അദ്ദേഹവുമായി സംസാരിക്കാനും അനുനയിപ്പിക്കാനും മുതിർന്ന നേതാക്കൾ തയാറാകാത്തതിൽ ഒരു ഗ്രൂപ്പിന്റെയും ഭാഗമാകാത്ത നേതാക്കൾക്കും പ്രവർത്തകർക്കും അതൃപ്തിയുണ്ട്. കോണ്‍ഗ്രസിലെ നിരന്തരമായുള്ള അഭിപ്രായ വ്യത്യാസങ്ങളിൽ ഘടകകക്ഷികളായ മുസ് ലിം ലീഗിനും ആർഎസ്പിക്കും കേരള കോണ്‍ഗ്രസിനും കടുത്ത നീരസമുണ്ട്.
2026 ൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ അധികാരത്തിൽ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾക്ക് കോണ്‍ഗ്രസിലെ അന്തഛിദ്രങ്ങളും തർക്കങ്ങളും ദോഷം ചെയ്യുമെന്ന അഭിപ്രായമാണ് ഘടകകക്ഷികൾക്കുള്ളത്.
എം. സുരേഷ്ബാബു