അന്തിക്കാട്: പോലീസ് സിഐയുടെ “ആക്ഷൻ ഹീറോ ബിജു’ കളി അതിര് വിടുന്നതിൽ പോലീസിലും സിപിഎമ്മിലും അമർഷം. കസ്റ്റഡിയിലെടുത്തവരെ കരിക്ക് കൊണ്ട് മര്‍ദിച്ചതായുള്ള പരാതി തുടർച്ചയായി വരുന്നത് പോലീസിനെ പ്രതിസന്ധിയിലാക്കുന്നതാണ്. കഴിഞ്ഞദിവസം രണ്ട് സിപിഎം പ്രവർത്തകർ അടക്കം ആറ് പേർക്ക് പരിക്കേറ്റതായാണ് പരാതി. വെളുത്തൂർ നമ്പോർക്കാവ് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് ആറ് പേരെയും കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനിലെത്തിച്ച യുവാക്കളെ കരിക്ക് ഉപയോഗിച്ച് മർദിച്ചതായി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരനും ആരോപിച്ചു. കഴിഞ്ഞയാഴ്ചയും സമാനമായ പരാതി ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് കരുതല്‍ തടങ്കലിലെടുത്ത് പോലീസ് കരിക്കുകൊണ്ട് ഇടിച്ചെന്ന് ചാഴൂർ ബ്രാഞ്ച് കമ്മിറ്റി അംഗമായ യദു കൃഷ്ണനാണ് അന്തിക്കാട് സിഐക്കും എഎസ്ഐയ്ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നത്.
ജനങ്ങളെ സർക്കാരിനെ എതിരാക്കുന്നുവെന്ന് മാത്രമല്ല, ഇടതുപക്ഷ പ്രവർത്തകരെ തെരഞ്ഞുപിടിച്ചു നടത്തുന്ന മർദനമുറ ആസൂത്രിതമാണെന്നും ആക്ഷേപമുണ്ട്. സ്വന്തം വകുപ്പ് ആയതിനാൽ സിപിഎം പരസ്യ നിലപാടിലേക്ക് കടക്കാനാവുന്നില്ല.ഇത് പ്രവർത്തകർക്കും പ്രതിഷേധമുണ്ട്. സേനയിലും കടുത്ത പ്രതിഷേധമുണ്ട്. ജോലി ഭാരത്തിൽ മാനസിക സമ്മർദത്തിലാണ് സേനാംഗങ്ങൾ. യൂണിഫോം അഴിച്ചാൽ എല്ലാവരും മനുഷ്യരും കുടുംബവുമായി കഴിയുന്നവരാണ്.
ഒരാളുടെ കുഴപ്പത്തിന് എല്ലാവരും പഴി കേൾക്കുകയാണ്.ഗതികെട്ടാൽ തിരിച്ചുള്ള പ്രതികരണവും ഉണ്ടായാൽ അതുണ്ടാക്കുക പ്രതീക്ഷിക്കുന്നതിലും അപ്പുറമാവും. ജനങ്ങൾ നിയമം കയ്യിലെടുക്കുന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചാലുണ്ടാവുന്ന അപകടത്തെ ഓർക്കുന്നത് നല്ലതാണെന്ന മുന്നറിയിപ്പ് സേനാംഗങ്ങൾ തന്നെ ഉയർത്തുന്നു. കൈത്തരിപ്പും നാക്ക് തരിപ്പും ഉള്ള ഉദ്യോഗസ്ഥരെ നിലക്ക് നിറുത്താൻ അസോസിയേഷൻ നേതാക്കൾ മുൻകൈ എടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.