കോഴിക്കോട്: പന്തീരാങ്കാവ് പൂളങ്കരയിൽ കാർ മോഷണക്കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ നാട്ടുകാരും പോലീസും തമ്മിൽ സംഘർഷം. പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ നാട്ടുകാർ പോലീസിനെ ആക്രമിച്ചശേഷം പോലീസ് എത്തിയ സ്വകാര്യ വാഹനത്തിന്റെ ചില്ലും തകർത്തു.
സംഘർഷത്തിനിടെ കാർ മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. ഇയാള്‍ക്കായി വ്യാപകമായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എറണാകുളം ഞാറയ്ക്കലിൽനിന്ന് മോഷണം പോയ കാർ അന്വേഷിച്ചാണ് എറണാകുളത്തുനിന്നു വ്യാഴാഴ്ച രാത്രി ഒമ്പതോടെ പൂളങ്കരയിൽ പോലീസ് എത്തിയത്. വാടകയ്ക്കെടുത്ത വണ്ടിയുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശി നൽകിയ പരാതിയിലാണു കേസ്.
പ്രതി പന്തീരാങ്കാവ് ബൈപാസില്‍നിന്നു രണ്ടു കിലോമീറ്റര്‍ അകലെ രഹസ്യമായി താമസിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഇവിടെ എത്തിയത്. പന്തീരാങ്കാവ് സ്റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ വിവരം ലഭിച്ചിരുന്നില്ല.
പ്രതിയായ ഷിഹാബിനെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണു ബഹളം വച്ചത്. ഇതുകേട്ട് നാട്ടുകാർ ഓടിക്കൂടി. ഇത് കാർ മോഷണക്കേസ് പ്രതിയാണെന്ന് പോലീസ് പറയാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ കേൾക്കാൻ കൂട്ടാക്കിയില്ല. ഇവർ പോലീസുകാരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയുമായിരുന്നു.
അതേസമയം, പന്തീരാങ്കാവ് പോലീസ് അല്ലാത്തതിനാല്‍ ആരാണ് വന്നതെന്നോ എന്താണു സംഭവിച്ചതെന്നോ നാട്ടുകാരില്‍ ഒരുവിഭാഗത്തിന് മനസിലായില്ല. സ്വകാര്യ വാഹനത്തിലാണ് പോലീസ് എത്തിയത്. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയിലായിരുന്നു; ഒരാള്‍ യൂണിഫോമിലും. തനിക്ക് ഒന്നുമറിയില്ലെന്നും അനാവശ്യമായി പീഡിപ്പിക്കുന്നുവെന്നും പറഞ്ഞ് ഷിഹാബ് ബഹളംവച്ചു. തന്നെ കൊണ്ടുപോകുന്നത് ക്വട്ടേഷന്‍ സംഘമാണെന്ന രീതിയിലും ഷിഹാബ് സംസാരിച്ചു. നാട്ടുകാര്‍ സംഘടിച്ചതോടെ ഉദ്യോഗസ്ഥര്‍ പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ഇവിടെനിന്നു കൂടുതല്‍ പോലീസ് എത്തിയാണ് നാട്ടുകാരെ ഓടിച്ചത്.
ബഹളത്തിനിടെ ഓടി രക്ഷപ്പെട്ട പ്രതിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തില്‍ നാട്ടുകാരായ നൂറ് പേര്‍ക്കെതിരേ പോലീസ് കേസ് എടുത്തിട്ടുണ്ട്. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പ്രതിയെ രക്ഷപ്പെടാൻ അനുവദിച്ചതിനുമാണ് കണ്ടാലറിയാവുന്ന നൂറു പേർക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തത്.