കൊല്ലം: അമ്പനാട് വനത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ച് പരിശോധന. ജനവാസമേഖലയിൽ എത്തിയപ്പോൾ മരുന്ന് നൽകിയെങ്കിലും പിന്നാലെ കാടുകയറിയ ആനയെ രണ്ട് ദിവസമായി കണ്ടെത്താൻ സാധിച്ചില്ലായിരുന്നു.
ഒരാഴ്ച മുൻപ് പുനലൂർ കഴുതുരുട്ടി അമ്പനാട് വനത്തിൽ വച്ചാണ് കൊമ്പനെ മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. മറ്റ് ആനകളുമായി ഏറ്റുമുട്ടി പരിക്കേറ്റന്നാണ് നിഗമനം. മുറിവേറ്റ ആന ജനവാസമേഖലയിൽ എത്തിയതോടെയാണ് വനപാലകർ വിവരം അറിഞ്ഞത്. തുടർന്ന് വനംവകുപ്പ് ആനയ്ക്ക് ചികിത്സ നൽകി.
മുറിവുകൾ ആന്റീബയോട്ടിക്കുകൾ നൽകിയതോടെ ഭേദപ്പെട്ട് വരികയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എങ്കിലും പതിവ് സഞ്ചാരമേഖലകളിലൊന്നും രണ്ട് ദിവസമായി ആനയെ കാണുന്നില്ലായിരുന്നു.
ഇതിനെ തുടർന്ന് ഡ്രോൺ ഉപയോഗിച്ച് ആനയെ കണ്ടെത്താനുള്ള പരിശോധനയും ആരംഭിച്ചു. ആന മുറിവ് ഉണങ്ങിയതിനാൽ ഉൾവനത്തിലേക്ക് പോയെന്നും സംശയമുണ്ട്. പകൽസമയങ്ങളിൽ വനപാലകർ ഉൾവനത്തിലും പരിശോധന നടത്തുന്നത് തുടരുകയാണ്.