കോട്ടയം: എരുമേലി ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ എതിര് സത്യവാങ്മൂലം നല്‍കും. കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍ പാലിച്ചും ചട്ടങ്ങള്‍ക്കു വിധേയമായുമാണ് ഇതുവരെ നടപടികള്‍ മുന്നോട്ടുപോയത്.
അര്‍ഹമായ നഷ്ടപരിഹാരം നല്കി പൊതുകാര്യങ്ങള്‍ക്ക് ആരുടെ സ്വത്തുവകകളും ഏറ്റെടുക്കുന്നതില്‍ തടസമില്ലെന്ന അധികാരം മുന്‍നിർത്തി വേനലവധിക്കുശേഷം കോടതിയില്‍ സത്യവാങ്മൂലം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.തടസങ്ങള്‍ ഒഴിവാക്കി എയര്‍പോര്‍ട്ട് നിര്‍മാണം വേഗത്തിലാക്കുന്നതിന് ഉന്നതതലയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് വൈകാതെ കത്തുനല്‍കും.
അറ്റോര്‍ണി ജനറല്‍, റവന്യു സെക്രട്ടറി, ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ ഉന്നതയോഗം ചേര്‍ന്ന് നടപടികള്‍ സുതാര്യമാക്കും. നിലവിലെ സ്റ്റേ ഒഴിവാക്കുന്നതില്‍ സ്ഥലം എംഎല്‍എ എന്ന നിലയില്‍ കക്ഷി ചേരാന്‍ നിയമോപദേശം തേടിയതായും സെബസ്റ്റ്യന് കുളത്തുങ്കല്‍ പറഞ്ഞു.
ശബരി എയര്‍പോര്‍ട്ടിനായി ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം കഴിഞ്ഞ മാസം 24നാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
441 കൈവശക്കാരുടെ 1000.28 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ബിലീവേഴ്സ് ചര്‍ച്ചിനു കീഴില്‍ അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൈവശമുള്ള 2264.28 ഹെക്ടര്‍ ചെറുവള്ളി എസ്റ്റേറ്റാണ് പ്രധാനമായും ഏറ്റെടുക്കുന്നത്.പദ്ധതിയുടെ സാമൂഹികാഘാത പഠനം നടത്തിയതും ഉടമസ്ഥാവകാശം നിര്‍ണയിച്ചതും ചട്ടവിരുദ്ധമായാണെന്ന ട്രസ്റ്റിന്റെ വാദം പരിഗണിച്ചാണ് നടപടികള്‍ സ്റ്റേ ചെയ്തത്.
ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം പാലാ കോടതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരില്‍ വിജ്ഞാപനം ഇറക്കി എന്നതായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം. കൂടാതെ സാമൂഹിക ആഘാത പഠനം നടത്തിയത് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ഏജന്‍സിയാണെന്നും കേന്ദ്ര-സംസ്ഥാന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണിതെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
രണ്ടു വാദങ്ങളും പരിഗണിച്ചാണ് വിജ്ഞാപനം രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തത്. മണിമല, എരുമേലി തെക്ക് വില്ലേജുകളുടെ പരിധിയില്‍ പ്ലാച്ചേരി മുതല്‍ ഒഴക്കനാട് വരെ മൂന്നു കിലോമീറ്റര്‍ റണ്‍വേ ഉള്‍പ്പെടെ എയര്‍പോര്‍ട്ട് നിര്‍മിക്കാനാണ് പദ്ധതി. ഇക്കൊല്ലം സ്ഥലം ഏറ്റെടുത്ത് 2027ല്‍ വിമാനത്താവളം യാഥാര്‍ഥ്യമാക്കാനായിരുന്നു തീരുമാനം.