കോട്ടയം: എംജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളില്‍ അടുത്ത അക്കാദമിക് വര്‍ഷം ആരംഭിക്കുന്ന നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളിലെ വിദ്യാര്‍ഥികള്‍ക്ക് പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് വ്യവസായി സമൂഹം പിന്തുണ നല്‍കും.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും(സിഐഐ) സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആൻഡ് ഇന്‍ഡസ്ട്രിയു(സിടിസിസിഐ)മാണ് വിദ്യാര്‍ഥികളുടെ നൈപുണ്യ വികസനം, വ്യവസായ പരിശീലനം, ഗവേഷണം, സംരംഭകത്വ വികസനം എന്നിവയ്ക്കായി സര്‍വകലാശാലയുമായി സഹകരിക്കുക.
സര്‍വകലാശാലയില്‍ ഇന്നലെ നടന്ന ഇന്‍ഡസ്ട്രി-അക്കാദമിയ മീറ്റില്‍ ഇതിനെ കുറിച്ച് ധാരണയായി. സര്‍വകലാശാലയ്ക്ക് ലഭിച്ചിട്ടുള്ള പേറ്റന്റുകളുടെ വ്യവസായിക സാധ്യതകള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും വ്യവസായികള്‍ താത്പര്യം പ്രകടിപ്പിച്ചു.
വിദ്യാര്‍ഥികളുടെ അഭിരുചികൾ കൃത്യമായി മനസിലാക്കി അവർക്ക് മതിയായ പരിശീലനം നല്കാൻ സാധിച്ചാൽ അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വൈസ് ചാന്‍സലര്‍ ഡോ സി.ടി. അരവിന്ദകുമാര്‍ പറഞ്ഞു.
നാലു വര്‍ഷ ബിരുദ കോഴ്സുകളുടെ വിജയകരമായ നടത്തിപ്പില്‍ വ്യവസായി സമൂഹത്തിന്റെ പിന്തുണ ഏറെ വിലപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേരളത്തിൽ ഈ അക്കാദമികവർഷം മുതൽ നാലുവർഷ ബിരുദം ആരംഭിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഇന്നലെ അറിയിച്ചു. മൂന്നുവർഷം കൊണ്ട് 133 ക്രെഡിറ്റുകൾ ആർജിച്ചാൽ വിദ്യാർഥികൾക്ക് ബിരുദം നേടി പുറത്തിറങ്ങാം.
നാലാം വർഷം ഗവേഷണാത്മക പ്രവർത്തനങ്ങളും ഇന്റൺഷിപ്പും പ്രൊജക്റ്റുകളും ആയി മൊത്തം 177 ക്രെഡിറ്റ് ആർജിച്ചാൽ ഓണേഴ്സ് ബിരുദം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്കിൽ കോഴ്സുകൾക്കും ക്രെഡിറ്റ് ലഭിക്കും. വിദ്യാർത്ഥി കേന്ദ്രിതമായ സമീപനത്തോടെ വലിയ സ്വാതന്ത്ര്യവും സ്വാച്ഛന്ദ്യവും വിദ്യാർഥിക്ക് ലഭിക്കും വിധത്തിലാണ് കരിക്കുലം ഡിസൈൻ ചെയ്തിട്ടുള്ളത്. നാലുവർഷ ബിരുദം ഇന്റർനാഷണൽ അനുയോജ്യത വർദ്ധിപ്പിക്കുകയും തൊഴിൽ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നു ആർ. ബിന്ദു അറിയിച്ചു.