പത്തനംതിട്ട: ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണന്റെ പേരിൽ വ്യാജ വാട്ട്സ് ആപ്പുണ്ടാക്കി തട്ടിപ്പിന് ശ്രമം. പ്രേം കൃഷ്ണന്റെ ചിത്രം ഡിപിയാക്കി പണം ആവശ്യപെട്ട് സന്ദേശം അയച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. കളക്ടറുടെ പരാതിയിൽ പത്തനംതിട്ട പോലീസ് കേസെടുത്തു.
എഡിഎമ്മും ജീവനക്കാരും കളക്ടറുടെ സുഹൃത്തുക്കളുമടക്കം നിരവധി പേർക്ക് സന്ദേശം ലഭിച്ചു. സംശയം തോന്നിയ ജീവനക്കാർ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. കളക്ടർ ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫരീദാബാദിൽനിന്നാണ് അക്കൗണ്ട് ഉണ്ടാക്കിയതെന്ന് കണ്ടെത്തി.
ഹരിയാന സ്വദേശിയാണ് തട്ടിപ്പിന് ശ്രമിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. നേരത്തെ എസ്പി വി. അജിത്തി ന്റെ പേരിലും വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടാൻ ശ്രമം നടന്നിരുന്നു.
പണം ആവശ്യപ്പെട്ടു കൊണ്ടാണ് വ്യാജന്റെ സന്ദേശം ഫോണുകളിലേക്ക് എത്തുന്നത്. ഞാൻ ഒരു നമ്പർ ഫോൺ പേ അയയ്ക്കുന്നു. നിങ്ങൾക്ക് ഉടൻ 50,000 രൂപ ട്രാൻസ്ഫർ ചെയ്യാൻ കഴിയുമോ. ഒരു മണിക്കൂറിനുള്ളിൽ ഞാൻ നിങ്ങളുടെ പണം തിരികെ നൽകും ഇങ്ങനെയാണ് മെസേജുകൾ വരുന്നത്.
പത്തനംതിട്ട ജനറൽ ആശുപത്രിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത സംഭവവും മുന്പ് ഉണ്ടായിട്ടുണ്ട്.