മുസാഫറാബാദ്: പാക് അധിനിവേശ കാഷ്മീരിൽ നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം അടിച്ചമർത്താൻ സൈന്യം രംഗത്ത്.
അന്യായമായ നികുതിക്കെതിരേയും വിലക്കയറ്റത്തിൽ പ്രതിഷേധിച്ചും 70 നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരേയുമാണ് ജനം നിരത്തിലിറങ്ങിയത്. പ്രധാനമായും മിർപുർ ജില്ലയിലെ ദാദ്യാൽ പ്രദേശത്താണു പ്രക്ഷോഭം നടക്കുന്നത്.
പ്രക്ഷോഭം ഇന്നലെ അക്രമാസക്തമായതിനെത്തുടർന്ന് സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കൂടുതൽ സേനാംഗങ്ങളെ വിന്യസിക്കുകയും ചെയ്തു.
ജമ്മു ആൻഡ് കാഷ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച ലോംഗ് മാർച്ച് തടയുന്നതിനാണ് സംഘടനയിലെ 70 ഓളം നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയിൽ പാക് സർക്കാരുമായി ഉണ്ടാക്കിയ ഒത്തുതീർപ്പുവ്യവസ്ഥകൾ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് അവാമി ആക്ഷൻ കമ്മിറ്റി ഇന്നലെ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു.
പണിമുടക്കിനിടെ ഇന്നലെ പ്രതിഷേധക്കാർ സുരക്ഷാസേനാംഗങ്ങൾക്കു നേരെ കല്ലേറ് നടത്തുകയും ഇത് ഏറ്റുമുട്ടലിൽ കലാശിക്കുകയും ചെയ്തു. ഇന്ന് വൻ പ്രതിഷേധപരിപാടി സംഘടിപ്പിച്ചിരിക്കെ പാക് റേഞ്ചേഴ്സ്, ഫ്രോണ്ടിയർ കോർപ്സ് എന്നീ സൈനികവിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.