കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇതരസംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യവകുപ്പ് വിശദീകരണം തേടി. അവശനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ ജില്ലാ ആശുപത്രിയിലെത്തിച്ചയാളെയാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മരിച്ചനിലയിൽ പിന്നീടു കണ്ടെത്തിയത്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഹിമാചൽപ്രദേശ് സ്വദേശിയാണെന്ന് സംശയിക്കുന്നു. ജില്ലാ ആശുപത്രിയിൽനിന്നു ചികിത്സ നൽകാതെ പറഞ്ഞുവിട്ടതാണെന്നാണ് ആരോപണം. ഇന്നലെ രാവിലെ പഴയ ബസ്സ്റ്റാൻഡ് പരിസരത്താണ് കാലിന് പഴുപ്പ് ബാധിച്ചനിലയിൽ മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ കണ്ടെത്തിയത്.
സമീപത്തുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ ഫയർസ്റ്റേഷനിലുള്ളവർ യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പിന്നീട് വൈകുന്നേരം അഞ്ചോടെയാണ് യുവാവിനെ ആശുപത്രി ബസ് സ്റ്റാൻഡിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെന്നും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ റഫർ ചെയ്യുകയായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.
ആരോരുമില്ലാത്ത അവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച അവശനിലയിലായ യുവാവിന് ചികിത്സയോ ആവശ്യമായ കരുതലോ നൽകാത്തതിനെത്തുടർന്നാണ് ഇയാൾ ആശുപത്രിയിൽനിന്നുമിറങ്ങി റോഡരികിൽ മരിക്കാനിടയാക്കിയതെന്ന് സമീപത്തെ ചില ആംബുലൻസ് ഡ്രൈവർമാർ ആരോപിച്ചിരുന്നു.