ബംഗളൂരു: പ്രണയലീലകൾകൊണ്ടും റീൽസ് ചിത്രീകരണംകൊണ്ടും കുപ്രസിദ്ധമാണു ഡൽഹി മെട്രോ. ഡൽഹി മെട്രോയെ അപകീർത്തിപ്പെടുത്തുന്ന നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വന്നിട്ടുണ്ട്.
അതിനിടെ ഇതുവരെ വലിയ ദുഷ്പേര് കേൾപ്പിക്കാതിരുന്ന ബംഗളൂരുവിലെ നമ്മ മെട്രോയും ഡൽഹിയുടെ പാതയിലാണെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നമ്മ മെട്രോയിലെ യാത്രക്കാരായ കമിതാക്കൾ അടുത്തിടപഴകുന്നതും ചുംബിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
വീഡിയോ പങ്കുവച്ച മെട്രോയിലെ ഒരു യാത്രക്കാരൻ, പൊതുഇടങ്ങളിൽ മറ്റുള്ളവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പെരുമാറിയ ജോഡികൾക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
പരാതി ഉയർന്നതോടെ പ്രതികരണവുമായി ബംഗളൂരു പോലീസ് രംഗത്തെത്തി. പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ദയവായി നിങ്ങളുടെ കോൺടാക്റ്റ് നമ്പർ മെസേജ് ചെയ്യണമെന്നുമാണു പോലീസ് പ്രതികരിച്ചത്. അതേസമയം, വീഡിയോയെ അനുകൂലിച്ചും നിരവധിപ്പേർ രംഗത്തെത്തുന്നുണ്ട്.