ന്യൂയോർക്ക്: പലസ്തീന് ഐക്യരാഷ്ട്രസഭയിൽ കൂടുതൽ അവകാശങ്ങളും പദവികളും ലഭിക്കുന്നതിനുള്ള പ്രമേയം പൊതുസഭയിലെ വോട്ടെടുപ്പിൽ പാസായി.
അറബ് ഗ്രൂപ്പ് രാജ്യങ്ങൾ അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി 193 അംഗ പൊതുസഭയിലെ ഇന്ത്യയുൾപ്പെടെ 143 രാജ്യങ്ങൾ വോട്ട് ചെയ്തു. അമേരിക്കയും ഇസ്രയേലും ഉൾപ്പെടെ ഒന്പത് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. 25 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
പലസ്തീന് ഐക്യരാഷ്ട്രസഭയിൽ പൂർണ അംഗത്വം ലഭിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പായാണു പ്രമേയം പാസായതിനെ വിലയിരുത്തുന്നത്.
ഐക്യരാഷ്ട്രസഭയുടെ ചട്ടത്തിലെ ആർട്ടിക്കിൾ നാല് അനുസരിച്ച് പലസ്തീൻ ഐക്യരാഷ്ട്രസഭയിൽ അംഗത്വത്തിന് യോഗ്യമാണെന്നും അതിനാൽ അംഗത്വത്തിന് അംഗീകാരം നൽകണമെന്നും പ്രമേയത്തിലുണ്ട്.
ഞങ്ങൾക്കു സമാധാനവും സ്വാതന്ത്ര്യവും വേണമെന്ന് വോട്ടെടുപ്പിനുമുന്പ് യുഎന്നിലെ പലസ്തീൻ അംബാസിഡർ റിയാദ് മൻസൂർ പറഞ്ഞു.
ഒരു “യെസ്’’ വോട്ട് പലസ്തീന്റെ നിലനിൽപ്പിനുള്ളതാണെന്നും അത് മറ്റേതെങ്കിലുമൊരു രാജ്യത്തിനെതിരേയുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനത്തിലേക്കുള്ള നിക്ഷേപമാണിതെന്നും റിയാദ് കൂട്ടിച്ചേർത്തു.