കൊച്ചി: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചതിനു പിന്നാലെ കേരള പോലീസിന്റെ ചിരി ഹെല്പ് ലൈന്‍ നമ്പറിലേക്ക് (9497900200) പ്രതിദിനം എത്തുന്നത് നൂറോളം ഫോണ്‍ കോളുകള്‍. പ്രതീക്ഷിച്ച റിസല്‍ട്ട് കിട്ടിയില്ല, വീട്ടുകാരെയും ബന്ധുക്കളെയും അഭിമുഖീകരിക്കാന്‍ കഴിയുന്നില്ല, ഉദ്ദേശിച്ച മാര്‍ക്ക് കിട്ടാത്തതിനാല്‍ രക്ഷിതാക്കള്‍ വഴക്കുപറയുന്നു എന്നീ കാരണങ്ങള്‍ പറഞ്ഞാണ് കുട്ടികള്‍ കൂടുതലായും വിളിക്കുന്നത്.
വിളിക്കുന്ന കുട്ടികളില്‍ ചിലര്‍ നന്നായി പഠിക്കുന്നവരാണ്. പ്രതീക്ഷിച്ച വിജയശതമാനം കിട്ടാത്തതിനാല്‍ ഡിപ്രഷന് മൂഡിലേക്കു പോകുന്ന രീതിയില്‍ സംസാരിക്കുന്നവരും കൂട്ടത്തിലുണ്ട്. മക്കളുടെ ടെന്‍ഷന്‍ കണ്ട് വിളിക്കുന്ന രക്ഷിതാക്കളുമുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിന്നും ചിരി ഹെല്പ് ലൈനിലേക്ക് കോളുകള്‍ എത്തുന്നുണ്ടെന്ന് ഫോണ്‍കോളുകള്‍ക്ക് മറുപടി നല്കുന്ന സിവില്‍ പോലീസ് ഓഫീസറായ എം.ആശ പറഞ്ഞു.
പരീക്ഷാഫലം വരുന്നതിനു മുന്നേ പ്രതിദിനം അറുപതോളം കോളുകള്‍ ഇവിടേയ്ക്ക് എത്തിയിരുന്നു. ഈ വര്‍ഷം പത്താം ക്ലാസിലേക്ക് പ്രവേശിച്ച കുട്ടികളും വിളിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. ഇത്തവണ വിജയശതമാനം കുറഞ്ഞതാണ് അവരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വരും വര്‍ഷങ്ങളിലും ഇതേ രീതി തുടരുമോയെന്ന ആശങ്കയാണ് പലര്‍ക്കും. കൗണ്‍സലിംഗ് വേണ്ട വിദ്യാര്‍ഥികള്‍ക്ക് അതാത് ജില്ലകളില്‍ അതിനും സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കൗണ്‍സലിംഗ് സൗകര്യം
കുട്ടികളിലെ മാനസിക സമ്മര്‍ദം ലഘൂകരിക്കാനും അവരെ ചിരിപ്പിക്കാനുമായി കേരള പോലീസ് ആരംഭിച്ചതാണ് “ചിരി’ ഹെല്പ് ലൈന്‍. കോവിഡ് 19 മഹാമാരിയുടെ ദുരിതകാലത്ത്, വീട്ടില്‍ തുടരാന്‍ നിര്‍ബന്ധിതരായ കുട്ടികള്‍ക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണ് കേരള പോലീസ് പദ്ധതി തുടങ്ങിയത്. കുടുംബ വഴക്ക്, പഠനവൈകല്യം, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ്, മാതാപിതാക്കളുടെ സമയമില്ലായ്മ എന്നിവയൊക്കെയും കുട്ടികള്‍ ചിരി ഹെല്പ് ലൈനിലെ പോലീസ് ഉദ്യോഗസ്ഥരുമായി പങ്കുവയ്ക്കാറുണ്ട്.
എസ്ഐ വി. സതീശന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസറായ എം.ആശയാണ് ഇവിടേയ്ക്ക് എത്തുന്ന ഫോണ്‍കോളുകള്‍ക്ക് മറുപടി നല്‍കുന്നത്. ആഴ്ചയില്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്.
സീമ മോഹന്‍ലാല്‍