തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ- മേയർ തർക്ക കേസിൽ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ ഇരുട്ടിൽ തപ്പി പോലീസ്. സംഭവദിവസം കെഎസ്ആർടിസി ഡ്രൈവർ യദുവിനൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടർ സുബിന്റെയും തമ്പാനൂർ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവിനെയും യദുവിനെയും മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്തെങ്കിലും മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല.
ചോദ്യംചെയ്യലിന് വീണ്ടും വിളിക്കുമ്പോൾ ഹാജരാകണമെന്ന ഉപാധിയോടെ കഴിഞ്ഞ ദിവസം രാത്രിയിലാണ് മൂന്നുപേരെയും വിട്ടയച്ചത്. കണ്ടക്ടർ സുബിനും സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവും പറഞ്ഞ കാര്യങ്ങളിലെ വ്യക്തത ഉറപ്പാക്കാൻ വൈകുന്നേരത്തോടെ യദുവിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്തിരുന്നു. സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെ ചോദ്യം ചെയ്യലിൽ മെമ്മറി കാർഡിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് കണ്ടക്ടർ സുബിൻ മൊഴി നൽകിയത്.
തമ്പാനൂർ ഡിപ്പോയിൽ എത്തിച്ച ബസിൽനിന്നു മെമ്മറി കാർഡ് നഷ്ടമായതിൽ തനിക്ക് യാതൊന്നും അറിയില്ലെന്നാണ് സ്റ്റേഷൻ മാസ്റ്ററും മൊഴി നൽകിയത്. കഴിഞ്ഞ ദിവസം രാവിലെ ആറോടെയാണ് കണ്ടക്ടർ സുബിനെ വെമ്പായത്തെ വീട്ടിൽനിന്നും സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവിനെ വിഴിഞ്ഞത്തെ വീട്ടിൽനിന്നും തമ്പാനൂർ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും സ്വാധീനം ഉപയോഗിച്ച് മെമ്മറി കാർഡ് മോഷ്ടിച്ചു നശിപ്പിച്ചെന്നാണ് ഇരുവർക്കുമെതിരേ കന്റോണ്മെന്റ് പോലീസ് കോടതി നിർദേശത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ വ്യക്തമാക്കുന്നത്.