തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനം പൂർണമായും തകർത്ത് ആർക്കും നിയമം കൈയിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സർക്കാരും ആഭ്യന്തര വകുപ്പും എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും നിഷ്ഠൂരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാറിലെത്തിയ ഗുണ്ടാസംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മൂവാറ്റുപുഴയിൽ മകൻ അമ്മയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി.
പെരിന്തൽമണ്ണയിൽ ഇതരസംസ്ഥാന തൊഴിലാളിയെ ദമ്പതികൾ കൊലപ്പെടുത്തി. തൃശൂർ ചേർപ്പിൽ അച്ഛനും മകനുമായുള്ള വഴക്കിൽ ഇടപെട്ട യുവാവിനെ ഗുണ്ടകൾ അടിച്ചുകൊന്നു. എറണാകുളം തമ്മനത്ത് നടുറോഡിൽ ബൈക്ക് വച്ചതിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊന്നു.
സംസ്ഥാനത്ത് ഗുരുതര ക്രമസമാധാന പ്രശ്നങ്ങൾ ആവർത്തിക്കുമ്പോഴും പോലീസ് സേനയ്ക്ക് തലവനുണ്ടോയെന്നു സംശയിക്കേണ്ട നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
ടൂറിനു പോയ ആഭ്യന്തര മന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ ക്രിമിനലുകൾക്കെതിരേ കർശന നടപടി സ്വീകരിക്കാനും ക്രമസമാധാനം നടപ്പാക്കാനുമുള്ള നിർദേശം നൽകാൻ സംസ്ഥാന പോലീസ് മേധാവി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.