കോഴിക്കോട്: ആര്‍എംപി നേതാവ് കെ. എസ്. ഹരിഹരന്റെ വിവാദ പരാമർശം കൊടുന്പിരി കൊണ്ടിരിക്കുന്നതിനിടയിൽ ഹരിഹരന്റെ വീടിനു നേരെ ബോംബാക്രമണം.
ബോംബ് വീടിന്റെ ചുറ്റുമതിലില്‍ തട്ടി പൊട്ടിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. സംഭവസമയത്ത് ഹരിഹരനും കുടുംബവും, ഭാര്യാസഹോദരനും, രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. ആസാദും വീട്ടിലുണ്ടായിരുന്നു.
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് ഹരിഹരന് പറഞ്ഞു. തേഞ്ഞിപ്പാലം പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. മാരകമായ സ്ഫോടക വസ്തുക്കളല്ല ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കെ.കെ. രമ ആരോപിച്ചു. തെറ്റു മനസ്സിലാക്കി മാപ്പു പറഞ്ഞ സ്ഥിതിക്ക് ഇനി വിവാദത്തിനു പ്രസക്തിയില്ലെന്ന് രമ പറഞ്ഞു. ഹരിഹരന്റെ വീടിനു നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്നും മാപ്പുപറയൽ കൊണ്ട് പ്രശ്നം അവസാനിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞത് ഇതിന്റെ സൂചനയാണെന്നും രമ കൂട്ടിച്ചേർത്തു.
കെ. കെ ശൈലജയ്ക്കും നടി മഞ്ജു വാര്യര്‍ക്കും എതിരായി ഹരിഹരന് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്.